കണ്ണൂര്‍: നിയമപോരാട്ടത്തിനാണ് കുടുംബം ഇറങ്ങിയതെന്നും പി.പി. ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു. പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
”ആഗ്രഹിച്ച വിധിയാണുണ്ടായത്. ദിവ്യയെ പോലീസിന് തുടക്കത്തിലേ അറസ്റ്റ് ചെയ്യാമായിരുന്നു. വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് കുടുംബം ഇറങ്ങിയത്. ഏതറ്റം വരെ പോകാനും കുടുംബം ഒരുക്കമാണ്. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ പോകാന്‍ അവകാശമുണ്ട്. ദിവ്യ ഹൈക്കോടതിയെ സമീപിച്ചാല്‍ കുടുംബവും എതിരായി കോടതിയെ സമീപിക്കും. 
രാഷ്ട്രീയമായിട്ടല്ലാ കുടുംബം കേസിനു പോയത്. ഒരു പൊളിറ്റിക്സിനെയും ഭയപ്പെടുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും നിര്‍ദേശവും വന്നിട്ടില്ല. കേസില്‍ ലീഗല്‍ സൈഡ് മാത്രമേ നോക്കിയിട്ടുള്ളൂ.
ഈ കേസില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ തുടക്കം മുതലേ യാതൊരു വിലക്കുമില്ലായിരുന്നു. പോലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍, ചെയ്തില്ല. ഈ നിമിഷവും അറസ്റ്റ് ചെയ്യാം. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനൊന്നുമല്ല. അതുകൊണ്ടു തന്നെ പാര്‍ട്ടി നേതൃതത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. കേസ് സത്യസന്ധമായ അന്വേഷണം നടക്കുക, പുതിയ കുറ്റപത്രം നല്‍കുക തുടങ്ങിയവയാണ് കുടുംബം ആഗ്രഹിക്കുന്നത്.
സംഭവത്തില്‍ കുടുംബത്തിന്റെ ആശങ്കകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും ഗൂഢാലോചനകളുണ്ടെങ്കില്‍ അതെല്ലാം പുറത്തു വരണം. പുതിയ അന്വേഷണ സംഘം ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പുതിയ സംഘം അന്വേഷണം തുടങ്ങിയിട്ടല്ലേയുള്ളൂ. ഈയൊരു ഘട്ടത്തില്‍ അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനായിട്ടില്ല..” -പ്രവീണ്‍ ബാബു പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *