കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ വെടിക്കെട്ട് അപകടത്തിനിടയാക്കിയ പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ. പടക്കം പൊട്ടിക്കുന്നതിന്‍റെ തൊട്ടടുത്ത് തന്നെയായിരുന്ന പടക്കങ്ങൾ സൂക്ഷിച്ചിരുന്ന വെടുപ്പുര. ഇതാണ് അപകടത്തിന് കാരണമായത്. പടക്കം പൊട്ടിയപ്പോൾ തീപ്പൊരി വെടിപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇവിടെ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ ഒരുമിച്ച് പൊട്ടി.
വെടിക്കെട്ട് പുരയിൽ നിന്ന് 100 മീറ്റർ അകലെവെച്ച് വേണം പടക്കം പൊട്ടിക്കാൻ എന്നാണ് നിയമമെങ്കിൽ ഇവിടെ, രണ്ടോ മൂന്നോ മീറ്റർ മാത്രം അകലെവെച്ചാണ് പടക്കം പൊട്ടിച്ചത്. ഇതാണ് അപകടത്തിന് കാരണമായത്. 154 പേർക്കാണ് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റത്. 97 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. എട്ടുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനത്തിലേറെ പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്‍റെ അനുമതിയുണ്ടായിരുന്നില്ലെന്നും കളക്ടർ പറഞ്ഞു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നില്ല. സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ജില്ലാ ഭരണക്കൂടം സംഭവത്തിൽ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.