പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രചരണത്തിൽ നിന്ന് വിട്ടു നിന്ന ശോഭ സുരേന്ദ്രൻ വീണ്ടും പാർട്ടി വേദിയിൽ. സീറ്റ് ലഭിക്കാത്തതിൽ  പരിഭവത്തിലായിരുന്ന ശോഭ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടാണ് പാർട്ടി തീരുമാനത്തിന് ഒപ്പമാണ് താനെന്ന് പ്രഖ്യാപിച്ചത്.
കൺവെൻഷനിൽ ശോഭാസുരേന്ദ്രൻ പങ്കെടുക്കുമോയെന്നതിൽ നേതൃത്വത്തിന് ആശങ്ക ഉണ്ടായിരുന്നു. ക്ഷണിതാക്കളുടെ പട്ടികയിൽ ശോഭയുടെ പേര് ഉണ്ടായിരുന്നതിനാൽ ഇന്നലെ മുതൽ തന്നെ ശോഭ വരുമോ ഇല്ലയോ എന്ന ചർച്ച തുടങ്ങിയിരുന്നു.

 തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി 12 ദിവസമായിട്ടും  മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന ശോഭ മാധ്യമങ്ങളെ  കുറ്റപ്പെടുത്തി കൊണ്ടാണ് ന്യായീകരണം കണ്ടെത്തിയത്. സീറ്റ് ലഭിക്കാത്തതിൽ ഒരു പരിഭവവുമില്ലെന്നാണ് ശോഭ സുരേന്ദ്രൻ്റെ പ്രതികരണം.

 സ്ഥാനാർഥിത്വത്തിന് വേണ്ടി ഓടി നടക്കുന്ന ആളല്ല. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ്‌ താൻ. അങ്ങനെയുള്ള തന്നെ  സ്ഥാനാർഥി മോഹിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. 
സ്ഥാനാർത്ഥി മോഹി അല്ലാതിരുന്നിട്ടും  മാധ്യമങ്ങൾ വ്യാജ വാർത്ത  ചമക്കുക ആണ്. തന്നെ സ്ഥാനാർത്ഥി മോഹിയായി ചിത്രീകരിക്കുന്നത് ദുഃഖകരമാണ്. മാധ്യമങ്ങൾ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എം.എൽ.എ ആവുകയും എം.പി ആവുകയുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറഞ്ഞ് നടക്കുന്നയാളല്ല താനെന്ന് മനസിലാക്കണമെന്നും ശോഭ സുരേന്ദ്രൻ കൺവൻഷനിൽ പറഞ്ഞു.
 “ശോഭ ഇടഞ്ഞു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇടഞ്ഞ ശോഭയെ അനുനയിപ്പിച്ചു എന്നാണ് വാർത്ത. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടയാത്ത വ്യക്തിയാണ് ഞാൻ. ഇ. ശ്രീധരനോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് ഞാനാണ്. ശ്രീധരൻ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുമായിരുന്നു.
എന്നാൽ  അദ്ദേഹത്തെ ചതിച്ചു. പാലക്കാട് സീറ്റ് സ്വപ്നം കണ്ടിരിക്കുന്ന നേതാവല്ല ഞാൻ. എൻ്റെ  സ്വപ്നം കേരളത്തിൽ  ഡബിൾ എഞ്ചിൻ സർക്കാർ വരണം എന്നതാണ്. ഈ സെമിഫൈനലിൽ വിജയിക്കണം. മൂന്നാം സ്ഥാനത്തുള്ള സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത്  പോലെ  രണ്ടാം സ്ഥാനത്ത് നിന്നും പാലക്കാട്ട്  വിജയിക്കണം.കൃഷ്ണകുമാറിനെ നിയമ സഭക്ക് അയക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ 25 എംഎൽഎമാരായി നിയമസഭയിൽ എത്താനുള്ള പടപ്പുറപ്പാടിൻ്റെ ഭാഗം ” പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കുകയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്ന് പറഞ്ഞ ശോഭ, തനിക്ക് സീറ്റ് ലഭിക്കാത്തതിനെ പ്രചരണ വിഷയമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമർശിച്ചു.

“രാഹുൽ മാങ്കൂട്ടത്തിൽ തല പൊട്ടി കിടക്കുന്ന മഹിളാ കോൺഗ്രസുകാരുടെ കാര്യം നോക്കിയാൽ മതി. ഞാൻ പ്രചാരണത്തിന് എത്തിയില്ല എന്ന് പറഞ്ഞ് അത്ര കണ്ട് സ്നേഹിക്കേണ്ട. യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് തന്നോടുള്ള സ്നേഹം മനസ്സിലാക്കുന്നുമഹിളാ കോൺഗ്രസിൻ്റെ പ്രവർത്തകർക്ക് സമരത്തിൽ പരിക്കേറ്റപ്പോൾ തിരിഞ്ഞ് നോക്കിയോ ? മതേതരത്വത്തിന്റെയും വർഗീയതയുടേയും പേര് പറഞ്ഞാണ് ഇടത് വലത് മുന്നികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വ്യാജ മതേതരത്വത്തിന്റെ കട ഞങ്ങൾ പൂട്ടിക്കും. പകരം ഭാവാത്മക മതേതരത്വത്തിന്റെ കട തുറക്കും. തൃശൂരിൽ ഇത് നടന്നു. തൃശൂരും ചേലക്കരയിലും ഇത് തന്നെ സംഭവിക്കും” ശോഭ സുരേന്ദ്രൻ പറഞ്ഞു. 

 കോൺഗ്രസ് വിട്ടു വന്ന് ഇടത് മുന്നണിയുടെ സ്ഥാനാർഥിയായ ഡോ. പി. സരിനെയും ശോഭാ സുരേന്ദ്രൻ വെറുതെ വിട്ടില്ല. സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെ പോലും മത്സരിപ്പിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഎമ്മെന്ന് ശോഭ വിമർശിച്ചു.

 ”ആരുടെ സ്ഥാനാർത്ഥിയെയാണ് പിണറായി പിന്താങ്ങിയത് ? സോണിയക്കെതിരെയും , ചെന്നിത്തലക്കെതിരെയും സരിൻ ഇതുവരെ സംസാരിച്ചിട്ടില്ല. മതേതരത്വത്തെ കുറിച്ച്  സംസാരിക്കുന്നവർ  സിമിയുടെ നേതാവിനെ മന്ത്രിയാക്കിയിട്ടുണ്ട്. മദനിയുടെ മുന്നിൽ തല കുനിച്ച് നിന്നവരാണ് മതേതരത്വം പറയുന്നത്. ഇരുവരും എസ്. .ഡി.പി .ഐയോടും പോപ്പുലർ ഫ്രണ്ടിനും ഒപ്പമാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എല്ലാ മതഭീകരവാദികളെയും ഇടത് വലത് മുന്നണികൾ കൂട്ടുപിടിച്ചു. ഇടത് വലത് മുന്നികൾ ഒരുമിച്ച് കൈപിടിച്ചാണ് പാലക്കാട് ബി.ജെ.പിയെ രണ്ടാമത് ആക്കിയത് “-ശോഭ സുരേന്ദ്രൻ വിമർശിച്ചു.
 ശോഭാ സുരേന്ദ്രനെ  ചുറ്റി പറ്റി വന്ന വാർത്തകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ശോഭ സുരേന്ദ്രൻ പ്രചാരണത്തിന് എത്താത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സുരേന്ദ്രൻ മാധ്യമങ്ങളെ വിമർശിച്ചത്. 
ഏതൊക്കെ നേതാക്കൾ ഏതൊക്കെ ഘട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ട്. അത് അറിയാത്തവരാണ് തെറ്റായ പ്രചരണം നടത്തുന്നത്. സ്ഥാനാർത്ഥിയെ സംബന്ധിച്ച  ഒരു ഭിന്നതയും പാർട്ടിയിൽ ഇല്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *