പാലക്കാട്: പാലക്കാട് കെ. ബിനുമോള്‍ക്ക് പകരം പി. സരിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം നിലപാടിനെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.  
പണിയെടുക്കുന്ന പാർട്ടിക്കാർ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാർ ഔദ്യോഗിക സ്ഥാനാർത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകർച്ചയാണെന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റ്:
പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥിപ്പട്ടികയിൽ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അഥവാ സിപിഐ(എം)ന്റെ പേരിൽ നാമനിർദ്ദേശ പത്രിക നൽകിയിട്ടുള്ള ബിനുമോൾ കെ. അവർ സിപിഎമ്മുകാരി ആണെന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല.
കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമെന്നതിലപ്പുറം നിലവിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു കൂടിയാണ്. പാർട്ടിയുടെ ജില്ലയിലെ നേതൃനിരയിലെ പ്രധാന മുഖങ്ങളിലൊന്നാണ്.
ഇങ്ങനെയൊരാൾ സ്ഥാനാർത്ഥിയായി കയ്യിലുണ്ടായിട്ടും എങ്ങനെയാണ് പാർട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്രനായ മറ്റൊരാൾ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാവുന്നത് ! പണിയെടുക്കുന്ന പാർട്ടിക്കാർ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാർ ഔദ്യോഗിക സ്ഥാനാർത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകർച്ചയാണ്, എത്ര വലിയ ഗതികേടാണ്, എത്ര വലിയ വഞ്ചനയാണ്, എത്ര വലിയ രാഷ്ട്രീയ അധാർമ്മികതയാണ്‌ !
ഇത്തവണ പാലക്കാട്‌ പോളിംഗ് ബൂത്തിലേക്ക് കടന്നുചെല്ലുന്ന ഒരു പരമ്പരാഗത സിപിഎം വോട്ടർ ബാലറ്റ് മെഷീനിലേക്ക് നോക്കുമ്പോൾ അതിലൊരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കാണാൻ കഴിയുമോ? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം കാണാൻ കഴിയുമോ? ഇത്‌ രണ്ടും കാണാനില്ലാത്ത അവസ്ഥയിൽ ആ വോട്ടറുടെ കമ്മ്യൂണിസ്റ്റ്‌ മനസ്സ്‌ എങ്ങോട്ടാണ്‌ ചായുക?പാലക്കാടിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇങ്ങനെയൊരവസ്ഥ ആ പാർട്ടി സ്വന്തം അണികൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്‌.
പാർട്ടിക്കാരനായ സ്ഥാനാർത്ഥിയില്ലാത്ത, പാർട്ടി ചിഹ്നമില്ലാത്ത, ഈ തെരഞ്ഞെടുപ്പിൽ സ്വന്തം ഇഷ്ടത്തിന്‌ മനസ്സാക്ഷി വോട്ട്‌ ചെയ്യാനാണ്‌ സിപിഎം നേതൃത്വം സ്വന്തം അണികൾക്ക്‌ യഥാർത്ഥത്തിൽ നൽകുന്ന ആഹ്വാനം. കമ്മ്യൂണിസ്റ്റുകാരുടെ മനസ്സാക്ഷി എവിടെയാണെന്ന് വോട്ടെടുപ്പിന്‌ ശേഷം നമുക്ക്‌ കാണാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed