ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ, വാർത്തയുടെ സദുദ്ദേശം കാണണമെന്ന് ഹൈകോടതി
എറണാകുളം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്. കുട്ടികളിലെ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് സദ്ദുശത്തോടെ നൽകിയ വാർത്തയില്ലേ ഇതെന്ന് കോടതി ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസിലെ വിചാരണാ നടപടികൾ കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ . വിസ്താരമടക്കം കേസിലെ മുഴുവൻ തുടർ നടപടികളും രണ്ടുമാസത്തേക്ക് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. മയക്കുമരുന്നു വ്യാപനത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റിയും സദുദ്ദേശത്തോടെ നൽകിയ വാർത്തയല്ലേ ഇതെന്ന് കോടതിയാരാഞ്ഞു. കുറ്റകൃത്യം സ്ഥാപിക്കുന്ന രംഗങ്ങൾ ആളെ മാറ്റി ചിത്രീകരിച്ചു നൽകി എന്ന പ്രോസിക്യൂഷൻ ആരോപണത്തെയും കോടതി വാക്കാൽ പരിഹസിച്ചു. അങ്ങനെയെങ്കിൽ സിനിമകളിൽ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരെ കേസെടുക്കേണ്ടതല്ലെയെന്ന് കോടതി ചോദിച്ചു. അതിലെങ്ങനെയാണ് പോക്സോ കുറ്റങ്ങൾ ബാധകമാകുക.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിഭാഷകനായ ബി രാമൻ പിളള അറിയിച്ചപ്പോൾ അങ്ങനെ തോന്നുന്നു എന്നായിരുന്നു കോടതിയുടെ വാക്കാലുളള മറുപടി. ഇത്തരമൊരു കേസ് ഫ്രെയിം ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയോയെന്ന് പൊലീസിനോടായി ജസ്റ്റീസ് എ ബദറുദ്ദീൻ ചോദിച്ചു. സമൂഹത്തിന് മുന്നറിയിപ്പാവുക എന്ന ഉദ്ദേശമല്ലെ വാർത്തയ്ക്ക് ഉണ്ടായിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പിവി അൻവർ എം എൽ എയുടെ പരാതിയിലായിരുന്നു കോഴിക്കോട് വെളളയിൽ പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ് എടുത്തിരുന്നത്.