ശബ്ദമുണ്ടാക്കാൻ ബുള്ളറ്റിന്റെ സൈലൻസറിൽ മോഡിഫിക്കേഷൻ; പിടിച്ചപ്പോൾ ഫോൺ വിളിച്ച് അച്ഛനെ വരുത്തി പൊലീസുകാരെ തല്ലി

ന്യൂഡൽഹി: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവും അച്ഛനും അറസ്റ്റിലായി. ഡൽഹിയിലാണ് സംഭവം. ബൈക്കിന്റെ സൈലൻസറിൽ അനധികൃതമായി മാറ്റം വരുത്തിയതിനാണ് ഇയാളുടെ ബൈക്ക് തട‌ഞ്ഞതെന്ന് പൊലീസുകാർ പിന്നീട് പറ‌ഞ്ഞു. പിന്നീട് നടന്ന അനിഷ്ട സംഭവങ്ങളിൽ ഒരു പൊലീസ് ഇൻസ്പെക്ടർക്കും ഒരു കോൺസ്റ്റബിളിനും പരിക്കേറ്റു.

ഞായറാഴ്ച രാത്രി ഡൽഹി ജാമിയ നഗറിലായിരുന്നു സംഭവങ്ങൾ. റോയൽ എൻഫീൽഡ് ബുള്ളറ്റിലാണ് ആസിഫ് എന്ന യുവാവ് എത്തിയത്. ബൈക്കിന് സാധാരണയേക്കാൾ വലിയ ശബ്ദമുണ്ടായിരുന്നു. വാഹനം തടഞ്ഞു നിർത്തി പൊലീസുകാർ പരിശോധിച്ചപ്പോൾ, അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ സൈലൻസറിൽ അനധികൃത രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് മോട്ടാർ വാഹന നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ സമയത്താണ് 24കാരനായ ആസിഫ് ഫോണെടുത്ത് തന്റെ പിതാവിനെ വിളിച്ചത്. അൽപം കഴി‌ഞ്ഞ് പിതാവ് റിയാസുദ്ദീൻ സ്ഥലത്തെത്തി. ഇരുവരും ചേർന്ന് ബലമായി വാഹനം കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് ആരോപണം. ഇത് തടയാൻ ഇൻസ്പെക്ടർ തടയാൻ ശ്രമിച്ചപ്പോൾ റിയാസുദ്ദീൻ പൊലീസുകാരനെ പിടിച്ചുവെയ്ക്കുകയും ആസിഫ് അദ്ദേഹത്തിന്റെ കണ്ണിന് സമീപം ഇടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് ചില പൊലീസുകാരെയും ഇവ‍ർ ആക്രമിച്ചു. 

പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin