സ്പെയിനിൽ മാത്രമല്ല റയൽ-ബാഴ്സ എൽ ക്ലാസിക്കോ പോരാട്ടം ഇന്ത്യയിലും വലിയ ചർച്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വഡോദര: സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ സദിസ്സിലിരുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

വഡോദരയില്‍ സ്പാനിഷ് പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പില്‍ റോഡ് നടത്തിയശേഷം ടാറ്റാ എയര്‍ ക്രാഫ്റ്റ് കോംപ്ലെക്സില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം കോംപ്ലെക്സ് ഉദ്ഘാടനം നടത്താനെത്തിയപ്പോഴാണ് എല്‍ ക്ലാസിക്കോ പോരാട്ടത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചത്.ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്കായുള്ള ആദ്യത്തെ സ്വകാര്യ മേഖലയുടെ ഭാഗമാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കോംപ്ലക്സ്.

റയലിന്‍റെ നെഞ്ചത്ത് ബാഴ്സയുടെ നാലടി, എല്‍ ക്ലാസിക്കോയില്‍ മിന്നും ജയം; അവസരങ്ങള്‍ തുലച്ച് എംബാപ്പെ

സ്പാനിഷ് ഫുട്ബോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇന്നലെ നടന്ന റയല്‍ മാഡ്രിഡ്-ബാഴ്സലോണ പോരാട്ടത്തെക്കുറിച്ച് ഇന്ത്യയിലും വലിയ ചര്‍ച്ചയാണ് നടക്കുന്നത്. റയലിനെതിരെയുള്ള ബാഴ്സലോണയുടെ ഉജ്ജ്വല വിജയം ഇന്ത്യയിലും ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. സ്പെയിനില്‍ മാത്രമല്ല ഇന്ത്യയിലും ഇരു ക്ലബ്ബിലെയും ആരാധകര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളും ചര്‍ച്ചകളുമെല്ലാം നടക്കാറുണ്ട്. ഭക്ഷണം, സിനിമ, ഫുട്ബോള്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെയും  സ്പെയിനിലെയും ജനങ്ങള്‍ തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കൈയടിയോടെയാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കൈയടികളോടെയാണ് സ്വീകരിച്ചത്.

സപ്നാനിഷ് ലീഗിൽ ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകര്‍ത്താണ് ഉജ്ജ്വല വിജയം നേടിയത്. റോബര്‍ട്ട് ലെവൻഡോസ്ക്കി, ലമീൻ യമാൽ, റഫീഞ്ഞ എന്നിവരാണ് റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ഗോളുകൾ അടിച്ചു കൂട്ടി നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ നാണംകെടുത്തിയത്. 2023നുശേഷം ആദ്യമായാണ് എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്സ വീഴ്ത്തുന്നത്. തോല്‍വിയോടെ പരാജയമറിയാതെയുള്ള റയലിന്‍റെ 42 മത്സരങ്ങളിലെ അപരാജിത കുതിപ്പിനും ബാഴ്സ ഫുള്‍ സ്റ്റോപ്പിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin