ഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈനുകള്‍ നടത്തുന്ന 50ഓളം വിമാനങ്ങള്‍ക്ക് ഞായറാഴ്ച ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. 14 ദിവസത്തിനുള്ളില്‍ 350 ലധികം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചു.
സോഷ്യല്‍ മീഡിയ വഴിയാണ് ഭീഷണികള്‍ ഏറെയും ലഭിച്ചിരിക്കുന്നത്. തങ്ങളുടെ 15 വിമാനങ്ങള്‍ക്ക് സുരക്ഷാ അലേര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും സമഗ്രമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിമാനങ്ങളും സര്‍വീസിനായി പുറപ്പെട്ടതായും ആകാശ എയര്‍ അറിയിച്ചു.
ഇന്‍ഡിഗോയുടെ 18 വിമാനങ്ങള്‍ക്കും വിസ്താരയുടെ 17 വിമാനങ്ങള്‍ക്കും ഭീഷണി ലഭിച്ചിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികളെ വിമാനയാത്രയില്‍ നിന്നും വിലക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആലോചിക്കുന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു പറഞ്ഞു.
വിശാഖപട്ടണത്തിനും വിജയവാഡയ്ക്കുമിടയില്‍ രണ്ട് വിമാന സര്‍വീസുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വ്യാജ ഭീഷണികള്‍ തടയാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍, നിയമ നിര്‍വ്വഹണ വിഭാഗങ്ങള്‍, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പിന്തുണ കൂടാതെ രണ്ട് സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.