ചെന്നൈ: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് നടനും ടിവികെ തലവനുമായ വിജയ്. അണ്ടര്‍ഗ്രൗണ്ട് ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് വിജയ് ആരോപിച്ചു. എട്ട് മാസം മുമ്പാണ് വിജയ് തന്റെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) ആരംഭിച്ചത്.
എന്നാല്‍ ഡിഎംകെയ്ക്കെതിരെ അഴിമതി നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിജയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തിരിച്ചടിച്ചു.
വില്ലുപുരത്ത് തന്റെ കന്നി പൊതുപ്രസംഗത്തിലാണ് ബി.ജെ.പിയെയും ഡി.എം.കെയെയും പേരെടുത്ത് പറയാതെ വിജയ് വിമര്‍ശിച്ചത്. ഇവിടെ ഒരേ രാഗം പാടുന്ന രണ്ടു കൂട്ടരുണ്ടെന്ന് വിജയ് പറഞ്ഞു.
പുതുതായി രാഷ്ട്രീയത്തിലിറങ്ങുന്ന ഏതൊരാള്‍ക്കും കാവി നിറം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ അവര്‍ക്ക് അണ്ടര്‍ഗ്രൗണ്ട് ഇടപാടുകളുണ്ട്. അവര്‍ ഫാസിസത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഐക്യത്തോടെ ജീവിക്കുന്ന തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും കുറിച്ചുള്ള ഭയം അവര്‍ സൃഷ്ടിക്കുന്നു.
ഡിഎംകെ ബിജെപിയെ ഫാസിസമെന്ന് വിളിക്കുന്നു. അപ്പോള്‍ ഡിഎംകെ ‘പായസം’ ആണോ? ജനവിരുദ്ധ സര്‍ക്കാരിനെ ദ്രാവിഡ മാതൃകാ ഭരണമെന്ന് വിശേഷിപ്പിച്ച് നിങ്ങള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. നിങ്ങളെ എതിര്‍ക്കുന്ന ആരും ബിജെപിയെന്ന് കരുതരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഎംകെയെ നയിക്കുന്നത് അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. വിഭജനം പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പാര്‍ട്ടിയും ടിവികെയുടെ പ്രത്യയശാസ്ത്ര ശത്രുവാണെന്നും ദ്രാവിഡ മാതൃകയെക്കുറിച്ച് സംസാരിക്കുന്ന ഏതൊരു പാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു.