വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കേണ്ടതില്ല എന്ന ‘വാഷിംഗ്‌ടൺ പോസ്റ്റ്’ പത്രത്തിന്റെ തീരുമാനത്തിനു പിന്നിൽ താനാണ് ഉണ്ടായിരുന്നതെന്നു സി ഇ ഒ: വില്യംസ് ലെവിസ് പുതിയൊരു പ്രസ്താവനയിൽ പറഞ്ഞതായി ‘ഡെയ്‌ലി ബീസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. തീരുമാനം ശതകോടീശ്വരനായ പത്രം ഉടമ ജെഫ് ബെസോസ് ആണ് എടുത്തതെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം.
ഹാരിസിനു പിന്തുണ നൽകാൻ പത്രം തയാറെടുത്തിരുന്നുവെന്നും ബെസോസ് തടഞ്ഞുവെന്നുമുള്ള റിപ്പോർട്ടുകൾ ലെവിസ് നിഷേധിച്ചു. “ഇക്കാര്യത്തിൽ ‘വാഷിംഗ്‌ടൺ പോസ്റ്റ്’ ഉടമയുടെ പങ്കിനെക്കുറിച്ചും എൻഡോഴ്‌സ്‌മെന്റ് വേണ്ട എന്ന തീരുമാനത്തെ കുറിച്ചും വന്ന റിപ്പോർട്ടുകൾ ശരിയല്ല.”അദ്ദേഹത്തിനു കരട് പ്രസ്താവനയൊന്നും അയച്ചിട്ടില്ല. അതു കൊണ്ട് അദ്ദേഹം അങ്ങനെയൊന്നു വായിക്കുകയോ അതേപ്പറ്റി അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. പ്രസാധകൻ എന്ന നിലയ്ക്ക്, പ്രസിഡന്റ് സ്ഥാനാർഥിക്കു പിന്തുണ നൽകുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.”ഞങ്ങൾ സ്വതന്ത്രമായ പത്രമാണ്. വായനക്കാരനു സ്വന്തമായ തീരുമാനം എടുക്കാൻ അവസരം നൽകുകയാണ് വേണ്ടത്.”
ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ നയം തുടരുമെന്നു ലെവിസ് വ്യക്തമാക്കി.നേരത്തെ ‘ലോസ് ആഞ്ചലസ്’ ടൈംസ് പത്രം സമാനമായ നിലപാട് എടുത്തിരുന്നു.പോസ്റ്റിന്റെ രണ്ടു ലേഖകന്മാർ എഴുതിയ ഒരു റിപ്പോർട്ടിൽ ഹാരിസിനെ പിൻതുണയ്ക്കുന്ന കരട് തയാറാക്കിയിരുന്നുവെന്നും ലെവിസിന്റെയും ബെസോസിന്റെയും അംഗീകാരത്തിനു കാത്തു നിൽക്കുകയാണെന്നും പറഞ്ഞിരുന്നു.
അതു വേണ്ടെന്ന തീരുമാനത്തിൽ പ്രതിഷേധിച്ചു റിപ്പോർട്ടർ റോബർട്ട് കഗാൻ രാജി വച്ചു. 24 മണിക്കൂറിനകം പത്രത്തിന്റെ 2,000 വായനക്കാർ വരിക്കാരായി തുടരുകയില്ലെന്നു അറിയിക്കുകയും ചെയ്തു.വളരെ ഉയർന്ന സംഖ്യയാണ് അതെന്നു സെമഫോർ ചൂണ്ടിക്കാട്ടി. ഡൊണാൾഡ് ട്രംപിന്റെ അസംതൃപ്തി അറിയാവുന്ന ബെസോസ് അദ്ദേഹം ജയിച്ചാൽ പ്രശ്നമുണ്ടാവുമെന്ന ആശങ്കയിലാണെന്നു വ്യാഖ്യാനമുണ്ട്.