ആദ്യം കണ്ടത് കനാൽ വൃത്തിയാക്കാനെത്തിയ തൊഴിലുറുപ്പ് തൊഴിലാളികൾ; 2 മാസം മുമ്പ് കാണാതായ 60 കാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടുകാലിൽ നിന്നും കാണാതായ ആളുടെ മൃതദേഹം തുറമുഖ കമ്പനി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് കണ്ടെത്തി. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. കോട്ടുകാൽ പുന്നക്കുളം കുരുവിത്തോട്ടം എ.എസ്. ഭവനിൽ കൃഷ്ണൻകുട്ടി (60) യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. കൃഷിപ്പണിക്കാരനായ കൃഷ്ണൻകുട്ടിയെ ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് വീട്ടിൽ നിന്ന് കാണാതായത്.

സെപ്റ്റംബർ മൂന്നിന് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത വിഴിഞ്ഞം പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനും ഒരു കിലോമീറ്റർ അകലെ സൈക്കിളിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചിരുന്നു. പിന്നെ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന് വെയർഹൗസ് നിർമ്മാണത്തിനായി ഈ മേഖലയിൽ സർക്കാർ ഏക്കർ കണക്കിന് ഭൂമി വാങ്ങിയിരുന്നു. വിസിലിന്‍റെ മേൽനോട്ടത്തിലുള്ള കാടും പടലും പിടിച്ച് ഭൂമിയിൽ ആരും പ്രവേശിക്കാറില്ല.

അതുവഴി കടന്നുപോകുന്ന ഒരു കനാൽ വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികൂടവുമാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാണാതാകുമ്പോൾ ധരിച്ചിരുന്ന പച്ചക്കളർ ഷർട്ടും, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡുമാണ് മരിച്ചത് കൃഷ്ണൻകുട്ടിയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലെക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാളുടെ ഒരു മകൻ അടുത്തകാലത്തായി അത്മഹത്യ ചെയ്തതായും പൊലീസ് പറയുന്നു. ഡി.എൻ.എ പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് വിഴിഞ്ഞം സി.ഐ. പ്രകാശ് അറിയിച്ചു.

Read More : പീരുമേട് സബ് ജയിലിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ചാടി, ഓട്ടോയിൽ കയറിയതോടെ പണി പാളി; പോക്സോ കേസ് പ്രതി പിടിയിൽ

By admin