തിരുവനന്തപുരം: കോഴ ആരോപണത്തോടെ തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത മങ്ങിയതോടെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ എന്‍സിപി. പാര്‍ട്ടിയുടെ ആവശ്യപ്രകാരം എ.കെ. ശശീന്ദ്രന് പകരം തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍, പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന നിലപാടിലാണ് എന്‍സിപിയെന്നാണ് സൂചന.
ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കാനാണ് ആലോചന. ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ഇടതുമുന്നണിയെ അറിയിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാല്‍ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാര്‍ക്കും ഈ നീക്കത്തിനോട് എതിര്‍പ്പുണ്ട്.
പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനം ആവശ്യമാണെന്നാണ് മിക്ക ജില്ലാ പ്രസിഡന്റുമാരുടെയും നിലപാട്. ശശീന്ദ്രന് പകരം തോമസ് മന്ത്രിയാകണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനാണ് പി.സി. ചാക്കോ പക്ഷം ഒരുങ്ങുന്നത്.