തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, വൈറ്റമിൻ ബി ഉൾപ്പെടെയുള്ള വൈറ്റമിനുകൾ, മഗ്നീഷ്യം, സെലെനിയം പോലുളള ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. തവിടു കളയാത്ത അരിയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് ബവൽ മൂവ്മെന്റിനെ നിയന്ത്രിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഡൈവെർട്ടിക്കുലോസിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു.
തവിടു കളയാത്ത അരിയിലെ നാരുകൾ വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയത്ത് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിനെയും തടയുന്നു. തവിടു കളയാത്ത അരിയ്ക്ക് വെളുത്ത അരിയേക്കാൾ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതായത് രക്തത്തിലേക്ക് വളരെ സാവധാനത്തിൽ മാത്രമേ പഞ്ചസാരയെ പുറന്തള്ളുകയുള്ളൂ. ഇത് വിശപ്പ് നിയന്ത്രിക്കാനും ‘ശരീരഭാരം’ കുറയാനും സഹായിക്കുന്നു.
ഈ അരിയുടെ തവിടിന്റെ പാളിയിൽ എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാലും കൊളസ്ട്രോൾ കുറയും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. തവിടു കളയാത്ത അരിയിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഇത് പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം തടയാനും രക്തക്കുഴലുകളെ വിശ്രാന്തിയിലാക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.
തവിടു കളയാത്ത അരിക്ക്, വെളുത്ത അരിയെ അപേക്ഷിച്ച് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ സാവധാനത്തിൽ മാത്രമേ ഉയരുകയുള്ളൂ. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണിത്. ഇത് ഇൻസുലിന്റെ അളവ് കൂടുന്നതിനെ തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. തവിടു കളയാത്ത അരിയിൽ സെലെനിയം പോലുള്ള ആന്റിഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും ഉണ്ട്. ഇത് ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നു. കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും പ്രായമാകലിനു കാരണമാകുകയും ചെനയ്യുന്നവയാണ് ഫ്രീറാഡിക്കലുകൾ ഇവ ഇൻഫ്ലമേഷനും കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. തവിടു കളയാത്ത അരിയിൽ അടങ്ങിയ ഒരു പ്രധാന ധാതുവായ സെലിനിയം, സ്തനാർബുദം പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.