പുണെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഏഴും രണ്ടാം ഇന്നിങ്‌സില്‍ ആറുമടക്കം 13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്. കിവീസിനു മുന്നില്‍ സ്പിന്‍ കെണിയൊരുക്കിയ ഇന്ത്യ, സാന്റ്‌നറുടെ പന്തുകള്‍ക്കു മുന്നില്‍ കറങ്ങിവീഴുകയായിരുന്നു. അജാസ് പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.സ്‌കോര്‍: ന്യൂസീലന്‍ഡ് – 259/10, 255/10, ഇന്ത്യ – 156/10, 245/10.
ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കിവീസ് സ്വന്തമാക്കി (2-0). പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്നിന് മുംബൈയിലാണ്. 1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതുവരെ കളിച്ച 13 ടെസ്റ്റ് പരമ്പരകളില്‍ 10-ലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ട് പരമ്പരകള്‍ സമനിലയിലായപ്പോള്‍ ഇത്തവണ കിവീസ് ജയം സ്വന്തമാക്കി.
2012-നു ശേഷം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. 4331 ദിവസങ്ങള്‍ സ്വന്തമാക്കിവെച്ച റെക്കോഡ് ഒടുവില്‍ ടീം ഇന്ത്യയ്ക്ക് നഷ്ടമായി. 2012-ല്‍ ഇംഗ്ലണ്ടിനോടായിരുന്നു നാട്ടില്‍ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര തോല്‍വി (2-1).

അര്‍ധ സെഞ്ചുറി നേടി അല്‍പമെങ്കിലും പൊരുതിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ജയ്‌സ്വാള്‍ 65 പന്തില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സുമടക്കം 77 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. വിരാട് കോലി (17), ശുഭ്മാന്‍ ഗില്‍ (23), സര്‍ഫറാസ് ഖാന്‍ (9) എന്നിവരും സാന്റ്‌നറിനു മുന്നില്‍ തന്നെ വീണു. ഋഷഭ് പന്ത് (0) റണ്ണൗട്ടായി. 84 പന്തില്‍ 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടവും അവസാനിച്ചതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.

നേരത്തേ 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ്, രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അഞ്ചിന് 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് 57 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി.86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍. ടോം ബ്ലന്‍ഡെല്‍ (41), ഗ്ലെന്‍ ഫിലിപ്‌സ് (48) എന്നിവരും കറങ്ങിത്തിരിയുന്ന പിച്ചില്‍ മികച്ച പ്രകടനം നടത്തി

https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *