ചത്തീസ്ഗഢ് : ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലാ ആസ്ഥാനത്ത് യുവാവ് ജയിലില്‍ മരിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പൊലീസിന് നേരെ കല്ലെറിയുകയും സ്റ്റേഷന്‍ തകര്‍ക്കുകയും ചെയ്തു. കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
സംഭവത്തിന്റെ രണ്ടാം ദിവസവും ബല്‍റാംപൂര്‍ നിവാസികള്‍ പ്രതിഷേധം തുടരുകയാണ്. യുവാവിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജനക്കൂട്ടം ജില്ലാ ആശുപത്രിയിലേക്ക് ബലമായി കടക്കാന്‍ ശ്രമിക്കുകയും തെയ്തു.
ഇതിനിടെ ആള്‍ക്കൂട്ടത്തോടൊപ്പമെത്തിയ സ്ത്രീകള്‍ എഎസ്പി നിമിഷ പാണ്ഡെയെ ചെരിപ്പുകൊണ്ട് മര്‍ദിച്ചു. ജനം തടിച്ചുകൂടിയതു കണ്ടപ്പോള്‍ എഎസ്പിയും പൊലീസുകാരും ഓടി രക്ഷപ്പെട്ടു. ഇതിനിടെ എഎസ്പി താഴെ വീഴുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞിട്ടും സ്ഥിതി ഇതുവരെ മെച്ചപ്പെട്ടില്ല.
ആരോഗ്യ പ്രവര്‍ത്തകനായ ഗുരുചന്ദ് മണ്ഡലിന്റെ ഭാര്യയെ കാണാതായിട്ട് രണ്ടാഴ്ചയായി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനില്‍ വെച്ച് മരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളും ബല്‍റാംപൂരിലെ ജനങ്ങളും അക്രമാസക്തരായത്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപക് ശര്‍മയുടെ സാന്നിധ്യത്തില്‍ മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി സ്വദേശമായ സന്തോഷിനഗറിലേക്ക് മാറ്റി. 
ദേശീയ ആരോഗ്യ ദൗത്യത്തിലെ ക്ലാസ് 4 ജീവനക്കാരനായ ഗുരുചന്ദ് മണ്ഡലിന്റെ (30) ഭാര്യ റീന മണ്ഡലിനെ സെപ്റ്റംബര്‍ 29 മുതലാണ് കാണാതായത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുചന്ദ് മണ്ഡലിനെയും പിതാവ് ശാന്തിറാം മണ്ഡലിനെയും ചോദ്യം ചെയ്യുന്നതിനായി ബല്‍റാംപൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗുരുചന്ദ് മണ്ഡലിന്റെ മൃതദേഹം പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed