പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങുന്നതോടെ ആവേശമാണോ ആശങ്കയാണോ ഇടതുപക്ഷത്തിനുള്ളതെന്ന് സംശയം ബാക്കി. ഭരണപക്ഷത്തെ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ഈ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്.
തെരഞ്ഞെടപ്പ് പ്രചരണ വേദിയിലാണെങ്കില്‍ പോലും സ്റ്റേജും മൈക്കും അവതാരകരും തുടങ്ങി വാവിട്ട വാക്കും നോട്ടവും പോലും പിണറായി വിജയനില്‍ നിന്നാകുന്നത് വലിയ വിവാദങ്ങളായി മാറാറുണ്ട്.

പിണറായിയുടെ ‘പരനാറി’, ‘നികൃഷ്ട ജീവി’ പ്രയോഗങ്ങളൊക്കെ കേരള രാഷ്ട്രീയം നിര്‍ണായക വേളകളില്‍ ചര്‍ച്ച ചെയ്തതാണ്. പറഞ്ഞതൊന്നും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നതും പിണറായിയുടെ ശൈലിയാണ്.

പിണറായി വന്ന് വല്ലതുമൊക്കെ പറഞ്ഞാലത് ഞങ്ങള്‍ക്ക് ഗുണമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പറഞ്ഞത് വെറും പരിഹാസം മാത്രമല്ല, പിണറായിയെ സംബന്ധിച്ച് അതൊരു സത്യമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തിരുവഞ്ചൂരിന്‍റെ ജില്ലയിലെ പാലായില്‍ നവകേരള സദസ് വേദിയില്‍ വച്ച് അന്ന് സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുകയായിരുന്ന സിറ്റിംങ്ങ് എംപി തോമസ് ചാഴികാടനെ പിണറായി ശകാരിച്ചത് തെരഞ്ഞെടുപ്പില്‍ ചാഴികാടന് മുപ്പതിനായിരം വോട്ടെങ്കിലും നഷ്ടമാക്കിയിട്ടുണ്ടാകുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ വിലയിരുത്തല്‍.

ഇടതു മുന്നണി വിട്ട് യുഡിഎഫിലെത്തി മല്‍സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ എംഎ ബേബിയെ തോല്‍പിച്ച് എന്‍കെ പ്രേമചന്ദ്രന്‍ വിജയിക്കുന്നത് പിണറായിയുടെ ‘പരനാറി’ പ്രയോഗം ഒന്നുകൊണ്ടു മാത്രമായിരുന്നു.
അത്തരത്തില്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ഓരോ വേദിയിലും പിണറായി എത്തുമ്പോള്‍ ഇടതു മുന്നണിയിലെ നേതാക്കളുടെ പോലും ആശങ്ക. അതുകൊണ്ട് തന്നെ പിണറായിയുടെ വരവില്‍ യുഡിഎഫിന് ഒരാശങ്കയുമില്ലതാനും.

By admin

Leave a Reply

Your email address will not be published. Required fields are marked *