തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയവര്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ്. അഴിമതി നടത്തുന്ന സ്ഥാപനത്തിനെതിരെ ഉചിതമായ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നും വി ഡി സതീശന്‍ അറിയിച്ചു.
സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. കെഎംഎസ്‌സിഎല്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. അഴിമതി മാത്രം ലക്ഷ്യമാക്കി സംസ്ഥാനത്തെ പാവങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന ഈ സ്ഥാപനത്തിനെതിരെ കടുത്ത നടപടിയുണ്ടാകണം.
സംസ്ഥാനത്തു രൂക്ഷമായ മരുന്ന് ക്ഷാമമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പുച്ഛിച്ച് തള്ളിക്കളയുകയാണ് ആരോഗ്യമന്ത്രി ചെയ്തത്. 2017 മുതല്‍ 2022 വരെ ഇന്‍ഡന്റ് നല്‍കിയ മരുന്നുകളില്‍ ചെറിയ ശതമാനത്തിന് മാത്രമാണ് കെഎംഎസ്‌സിഎല്‍ ഓര്‍ഡര്‍ നല്‍കിയതെന്ന കണ്ടെത്തല്‍ പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ്. മരുന്നിന് 75% കാലാവധി (ഷെല്‍ഫ് ലൈഫ്) വേണമെന്ന ചട്ടം കാറ്റില്‍പ്പറത്തിയാണ് കെഎംഎസ്‌സിഎല്‍ മരുന്നുകള്‍ വാങ്ങിയതെന്നും ഷെല്‍ഫ് ലൈഫ് ഇല്ലാതെയുള്ള കമ്പനികളില്‍ നിന്നും പിഴ ഈടാക്കുന്നത് ഒഴിവാക്കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.