കോട്ടയം: വാട്ടര്‍ മെട്രോ പോലെ സ്മാര്‍ട്ടാകുമോ നമ്മുടെ ജലഗതാഗത വകുപ്പും. സ്വപ്നം വലുതാണെങ്കിലും നടപ്പായാല്‍ കേരളത്തിന്റെ ടൂറിസം രംത്തു തന്നെ വലിയ മാറ്റം കൊണ്ടു വരാന്‍ സധിക്കും. വാട്ടര്‍മെട്രോയുടെ അത്രയുമൊന്നും സ്മാര്‍ട്ടായില്ലെങ്കിലും സുരക്ഷിതമായ യാത്രയൊരുക്കാന്‍ ജലഗതാഗത വകുപ്പ് തയാറാകണമെന്നാണു യാത്രക്കാരുടെ ആവശ്യം.
നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള തടി ബോട്ടുകള്‍ ദീര്‍ഘ ദൂര സര്‍വീസിന് ഇറക്കിയാണ് ജലഗതാഗത വകുപ്പ് യാത്രക്കാരുടെ ജീവന്‍ പന്താടുന്നത്. ഇവയില്‍ പലതും വെള്ളക്കേട് (ഓടുമ്പോള്‍ വെള്ളം കയറുന്ന) ഉള്ളതുമാണ്. 1968ല്‍ നിര്‍മിച്ച 143 ബോട്ട് മുതല്‍ 2004 ല്‍ നിര്‍മിച്ച എ25 വരെ വിവിധ സീരീസുകളിലായി ഇരുപതോളം തടി ബോട്ടുകളാണ് സംസ്ഥാന ജല ഗതാഗത വകുപ്പിന് ആലപ്പുഴയില്‍ ഉള്ളത്. ഇതില്‍ വെള്ളക്കേട് ഉള്ള ബോട്ടുകള്‍പോലും ജലഗതാഗതവകുപ്പിന്റെ കണ്ണില്‍ ‘പടക്കുതിരകളാണ്’.
ബോട്ട് സുരക്ഷ പേരിനു മാത്രം
ഒരു ദിവസം സര്‍വീസ് നടത്തിയാല്‍ പിറ്റേദിവസം അറ്റകുറ്റപ്പണിക്കു കയറ്റേണ്ട അദവസ്ഥയിലാണ് ജിലഗതാഗത വകുപ്പിന്റെ മിക്ക ബോട്ടുകളും. ഇത്തരത്തില്‍ ട്രിപ്പ് മുടങ്ങുന്നത് ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാരെ വലച്ചിരുന്നു. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പല ബോട്ടുകള്‍ക്കും സര്‍വേ സര്‍ട്ടിഫിക്കറ്റുമില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇടയ്ക്ക് സ്റ്റോപ്പ് ഇല്ലാത്ത 9 കിലോമീറ്റര്‍ വരുന്ന കുമരകം-മുഹമ്മ റൂട്ടിലും അറ്റകുറ്റപ്പണി കൃത്യമായി നടത്താത്ത ബോട്ടുകളാണ് പലപ്പോഴും സര്‍വീസ് നടത്തുന്നത്. തണ്ണീര്‍മുക്കം ബണ്ട് വഴി സഞ്ചരിയ്ക്കുന്നതിനേക്കാള്‍ സമയക്കുറവും ചെലവ് നഷ്ടവും ഒഴിവാക്കാന്‍ സാധിക്കും.
ഇരുചക്ര വാഹനങ്ങളടക്കം കയറ്റാമെന്നതും നേട്ടമാണ്. പക്ഷേ, തുടര്‍ച്ചയായി തകരാറിലാവുന്ന ബോട്ടുകള്‍ ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയായി തുടരുകയാണ്. എല്ലാ ജലയാനങ്ങളും 3 വര്‍ഷം കൂടുമ്പോള്‍ ഡ്രൈ ഡോക്ക് (അറ്റകുറ്റപ്പണി) ചെയ്തു അറ്റകുറ്റപ്പണികള്‍ നടത്തി തുറമുഖ വകുപ്പില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നേടണം എന്നാണ് നിയമം. എന്നാല്‍ ജല ഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ മാത്രം ഇതൊന്നും പാലിക്കുന്നതേയില്ലെന്ന ആക്ഷേപം ശക്തമാണ്.
തടസം സൃഷ്ടിച്ച് പ്ലാസ്റ്റിക്
ജലഗതാഗത വകുപ്പിന്റെ കുമരകം-മുഹമ്മ സര്‍വ്വീസ് ബോട്ട് കുമരകം ബോട്ടു ജെട്ടിയില്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഇന്നലെ അപകടം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം 16-നും യാത്രാബോട്ട് നിയന്ത്രണം വിട്ട് ഇവിടെ സമാന അപകടം നടന്നിരുന്നു. അപകടത്തില്‍ മുറ്റു ദുരന്തങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നതു മാത്രമായിരുന്നു ആശ്വാസം.
കുമരകം ബോട്ട് ജെട്ടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പാേള്‍ നിയന്ത്രണം വിട്ട് കടയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. താങ്ങു കുറ്റിയില്‍ കയര്‍ ചുറ്റി ബാേട്ടു പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച ബോട്ടിലെ ജീവനക്കാരന്റെ കൈയ്ക്ക് പരുക്കേറ്റിരുന്നു. കായലിലും തോട്ടിലും കിടക്കുന്നകടകലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്രൊപ്പല്ലറില്‍ ചുറ്റിയതിനാല്‍ യഥാസമയം ബോട്ടിന്റെ റിവേഴ്സ് ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് അപകടം കാരണമെന്നാണ് വിവരം.
വേമ്പനാട് കായലും അനുബന്ധ തോടുകളും പ്ലാസ്റ്റിക് നിറഞ്ഞ അസ്ഥയിലാണ്. വേമ്പനാട്ടു കായലില്‍ മാത്രം 3005 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടണ്ടെന്ന കുഫോസിന്റെ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിട്ട് അധിക കാലമായിട്ടില്ല. ഓരോ വര്‍ഷവും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് മീനച്ചിലാറ്റിലൂടെ വേമ്പനാട്ടു കായലിലേക്കും അനുബന്ധ തോടുകളിലേക്കും ഒഴിയെത്തുന്നത്. ഇവ ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങുന്നതു പതിവാണ്. പിന്നീട് ജീവനക്കാര്‍ ഇറങ്ങി ഇവ അറുത്തു മാറ്റിയ ശേഷമാണ് ബോട്ട് വീണ്ടും ഓടിക്കുന്നത്. വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സര്‍വീസ് മുടക്കുന്ന പോള
കുമരകത്ത് പോള ശല്യം ഇന്നും പരിഹാരം കാണാത്ത പ്രശ്നമായി അവശേഷിക്കുന്നു. പോളക്കൂട്ടം കാരണം പലപ്പോഴും ബോട്ടുകള്‍ക്കു സര്‍വീസ് നടത്താനാകാത്ത അവസ്ഥയാണുള്ളത്. മാസങ്ങള്‍ക്കു മുന്‍പു ബോട്ട് പോളയില്‍ കുടുങ്ങി യാത്രക്കാര്‍ മണിക്കൂറുകളോളം അകപ്പെട്ടിരുന്നു. തുടര്‍ന്ന് കോട്ടയത്തു നിന്നു എമര്‍ജന്‍സി ബോട്ട് എത്തിച്ചാണ് യാത്രക്കാരെ രക്ഷിച്ചത്.
ഇത്തരം സംഭവങ്ങള്‍ കുമരകത്ത് സര്‍വസാധാരണമാണ്. വേമ്പനാട്ടു കായലില്‍ മത്സബന്ധനത്തിന് പോകന്ന വള്ളങ്ങള്‍ പോലും ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. പലപ്പോഴും കുമരകത്തെ ചന്തത്തോട്ടില്‍ക്കൂടെ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. പോള നശിപ്പിക്കാന്‍ അധികൃതര്‍ ആലോചന തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇന്നും പരിഹാരമില്ലാത്ത പ്രശ്നമായി അവശേഷിക്കുന്നു. ആകെയുള്ളൊരു പോള വാരല്‍ യന്ത്രമാകട്ടേ ഉദ്ഘാടനം കഴിഞ്ഞ അന്നുമുതല്‍ കട്ടപ്പുറത്തും.
പാലിക്കാത്ത വാഗ്ദാനങ്ങളും റിപ്പോര്‍ട്ടുകളും
29 പേരുടെ ജീവന്‍ അപഹരിച്ച കുമരകം ബോട്ട് ദുരന്തത്തിന്റെ 22-ാം വര്‍ഷികം കടന്നു പോയിട്ടും അന്നത്തെ സ്ഥിതിയില്‍ നിന്ന് വലിയ മാറ്റമൊന്നും ഇന്നും വന്നിട്ടില്ല. യാത്രക്കാരുടെ സുരക്ഷയില്‍ അധികൃതര്‍ അലംഭാവം തുടരുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഇന്നു നടത്തുന്ന ബോട്ട് സര്‍വീസുകള്‍.
കുമരകം ബോട്ട് ദുരന്തം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്നും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. പുതിയ ബോട്ടുകള്‍ സര്‍വീസിനിറക്കുക, കായലിലെ മണ്‍തിട്ടകള്‍ നീക്കം ചെയ്യുക, തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളൊന്നും അധികൃതര്‍ കണ്ട മട്ടില്ല.