വയനാട്: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ സ്വത്ത് 12 കോടിയിലധികം രൂപയാണെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം.
മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ വിവിധ തുകകളുടെ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, പിപിഎഫ്, ഹോണ്ട സിആര്‍വി കാര്‍ എന്നിങ്ങനെ 4.27 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കള്‍ തന്റെ പക്കലുണ്ടെന്ന് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനു (ഇസിഐ) സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സമ്മാനിച്ച 1.15 കോടി രൂപ വിലമതിക്കുന്ന 4,400 ഗ്രാം സ്വര്‍ണവും പക്കലുണ്ട്.
തന്റെ സ്ഥാവര സ്വത്തുക്കള്‍ക്ക് 7.41 കോടി രൂപ മൂല്യമുണ്ട്. അതില്‍ ന്യൂഡല്‍ഹിയിലെ മെഹ്റൗലി പ്രദേശത്തെ കൃഷിഭൂമിയുടെ രണ്ട് പകുതി ഓഹരികളും അതില്‍ സ്ഥിതിചെയ്യുന്ന ഒരു ഫാം ഹൗസ് കെട്ടിടത്തിന്റെ പകുതി ഷെയറും ഉള്‍പ്പെടുന്നു.
കൂടാതെ, ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുണ്ടെന്നും, അതിന് നിലവില്‍ 5.63 കോടിയിലധികം വിലയുണ്ടെന്നും അവരുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.