സുരക്ഷിതമായ വിദേശ ജോലി സ്വപ്നം കാണുന്ന മലയാളികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് നഴ്സിങ്. യുകെ, ഓസ്ട്രേലിയ, ക്യാനഡ, ന്യൂസിലന്‍ഡ്, യുഎസ് എന്നീ വികസിത രാജ്യങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാരോട്, പ്രത്യേകിച്ച് മലയാളികളോട് പ്രിയം കൂടുതലുമായിരുന്നു. എന്നാല്‍, ഈ സ്ഥിതി മാറാന്‍ പോകുന്നതിന്റെ സൂചനകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നു പുറത്തുവരുന്നത്.മതിയായ വിദ്യാഭ്യാസ യോഗ്യതകളും ഭാഷാ പരിജ്ഞാനവുമില്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാനൂറോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ബ്രിട്ടീഷ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ നോട്ടീസ് കിട്ടിയ ഒരു മലയാളി നഴ്സ് ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി.ഇന്ത്യ മാത്രമല്ല, ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു വികസിത രാജ്യങ്ങളിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് വ്യാപകമാണ്. എന്നാല്‍, ഘാന, നൈജീരിയ തുടങ്ങി റിക്രൂട്ട്മെന്റിനു വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് നഴ്സുമാരെ ജോലിക്കെടുത്തത് വിവാദമായിക്കഴിഞ്ഞു.
സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പിന് ബ്രിട്ടീഷ് അധികൃതരും കൂട്ടുനിന്നു എന്നാണ് ആരോപണം ഉയരുന്നത്. റെഡ് ലിസ്ററിലുള്ള രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് ബ്രിട്ടനിലെ എന്‍എച്ച്എസ് ഇപ്പോള്‍ പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്.ഇതിനൊക്കെ പുറമേയാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ്, അഥവാ ഐസിഎന്‍ അടുത്തിടെ ലോകാരോഗ്യ സംഘടനയ്ക്കു നല്‍കിയ പരാതി. വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളില്‍നിന്ന് അനിയന്ത്രിതമായി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് ആഗോള ആരോഗ്യ പ്രതിസന്ധിക്കു തന്നെ കാരണമാകുമെന്നാണ് ഐസിഎന്‍ നല്‍കുന്ന മുന്നറിയിപ്പ്.
വിദേശ റിക്രൂട്ട്മെന്റ് ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍, വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം താറുമാറാകും വിധം നഴ്സുമാരുടെ കുറവ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഐസിഎന്‍ ശുപാര്‍ശ ചെയ്യുന്നു.പാശ്ചാത്യ രാജ്യങ്ങളില്‍ വിദേശ നഴ്സുമാര്‍ വര്‍ധിക്കുന്നത് അവിടത്തെ നാട്ടുകാരുടെ അതൃപ്തിക്കും കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് യുകെയിലെ ആകെ നഴ്സുമാരില്‍ വിദേശികളുടെ എണ്ണം അഞ്ച് ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഒരേ ആശുപത്രിയില്‍ ഒന്നിലധികം മലയാളികളുണ്ടാകുമ്പോള്‍ ഇവരുടെ ആശയവിനിമയം മാതൃഭാഷയിലാകുന്ന പ്രവണതയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ തീരെ ഉള്‍ക്കൊള്ളാത്ത ഒരു രീതിയാണിത്. മലയാളികളുടെ ഭക്ഷണ രീതിയെ പോലും ഇവിടെയുള്ളവര്‍ കുറ്റം പറഞ്ഞു തുടങ്ങിയിരിക്കുന്നു.കൂടാതെ, ഇന്ത്യയില്‍ 150 നഴ്സിങ് കോളെജുകള്‍ പുതിയതായി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുമുണ്ട്. ഓരോ വര്‍ഷവും നഴ്സിങ് കഴിഞ്ഞ് ഇറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയ്ക്ക് ഇതു കാരണമാകും. ഇതോടെ, വിദേശ തൊഴിലുകള്‍ അടക്കം നഴ്സിങ് മേഖലയില്‍ മത്സരവും ശക്തമാകും. നാട്ടില്‍ കിട്ടുന്ന പ്രതിഫലം ഇപ്പോള്‍ തന്നെ കുറവാണ്. ഇതിനിയും കുറയാനും മത്സരം കൂടുന്നത് ഇടയാക്കും. ആളുകളെ കൂടുതല്‍ കിട്ടുന്നത് വിദേശ രാജ്യങ്ങളെയും ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കാന്‍ പ്രേരിപ്പിക്കും.അടിയന്തരമായല്ലെങ്കിലും, സമീപ ഭാവിയില്‍ തന്നെ നഴ്സിങ് പഠനം നല്‍കുന്ന വിദേശ തൊഴില്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുമെന്നു തന്നെയാണ് നിലവിലുള്ള സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *