കൊച്ചി: ടാറ്റാ കൺസൾട്ടൻസി സർവീസസ് സംഘടിപ്പിക്കുന്ന വാർഷിക സ്കൂള്‍ ക്വിസ് മത്സരമായ ടിസിഎസ് ഇൻക്വിസിറ്റീവ് 2024 ന്‍റെ കൊച്ചി എഡിഷനിൽ ചാലക്കുടി വിജയഗിരി പബ്ലിക് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ആദിത്യ കെബി വിജയിയായി.
കഴിഞ്ഞ വർഷത്തെ ടിസിഎസ് ഇൻക്വിസിറ്റീവ് ക്വിസ് മത്സരത്തിന്‍റെ ദേശീയ തല വിജയി കൂടെയാണ് ആദിത്യ. കോത്തഗിരി സെന്‍റ് ജൂഡ്‌സ് പബ്ലിക് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ എൻ.പി.വിസ്‌മയ കൊച്ചി എഡിഷൻ മത്സരത്തിൽ രണ്ടാമതെത്തി.
ടിസിഎസ് ഇൻക്വിസിറ്റീവ് 2024 ക്വിസ് മത്സരത്തിന്‍റെ ദേശീയ ഫൈനലിൽ കൊച്ചിയെ പ്രതിനിധീകരിച്ച് ആദിത്യയും വിസ്‌മയയും മറ്റ് 11 പ്രാദേശിക റൗണ്ടുകളിലെ വിജയികളുമായി മത്സരിക്കും.
8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ 54 സ്കൂളുകളിൽ നിന്നുള്ള 500 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ് നായർ, ടിസിഎസ് വൈസ് പ്രസിഡന്‍റും കേരള ഡെലിവറി സെന്‍റർ മേധാവിയുമായ ദിനേശ് തമ്പി എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ടിസിഎസ് ഇൻക്വിസിറ്റിവിൽ നമ്മുടെ യുവതലമുറ പ്രദർശിപ്പിച്ച അറിവും കഴിവും ഊർജ്ജവും അവർ ഇന്നത്തെ യാഥാർത്ഥ്യങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നുവെന്നും ഇത്  രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നുവെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ് നായർ പറഞ്ഞു.
പഠിക്കുന്നതിനും അറിവ് പങ്കിടുന്നതിനുമുള്ള മികച്ച പ്ലാറ്റ്ഫോമാണ് ടിസിഎസ് ഇൻക്വിസിറ്റീവ് എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളിൽ ജിജ്ഞാസയും സാങ്കേതിക പഠനവും വളർത്തിക്കൊണ്ട് ടിസിഎസ് എപ്പോഴും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പരീക്ഷിക്കാനും ദേശീയ വേദിയിൽ പ്രദർശിപ്പിക്കാനും ടിസിഎസ് ഇൻക്വിസിറ്റീവ് മികച്ച അവസരമാണ് നൽകുന്നതെന്നും ടിസിഎസ് വൈസ് പ്രസിഡന്‍റും കേരള ഡെലിവറി സെന്‍റർ ഹെഡുമായ ദിനേശ് തമ്പി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *