കൂറ്റനാട്: നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നു വീണ് തൊഴിലാളി മരിച്ചു. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയുടെ വാർപ്പിന് സ്ഥാപിച്ച മുട്ടുകൾ പൊളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രണ്ടാം നിലയിൽ നിന്നിരുന്ന മണിയുടെ തലയിലേക്ക് ഭാരമേറിയ സ്ലാബ് പതിക്കുകയായിരുന്നു. അതിനുള്ളില്‍ കുടുങ്ങിയ മണി തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാലിശേരി കവുക്കോട് തട്ടത്താഴത്ത് ഷംസുവിന്റെ കൈകൾക്ക് ചെറിയ പരിക്കേറ്റു. ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കുഞ്ഞുമോൾ (ചാലിശ്ശേരി റോയൽ ഡന്റൽ കോളജ് ജീവനക്കാരി). മക്കൾ: ഹിമ, വിഷ്ണു. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: മാളു, മീനാക്ഷി, പരേതനായ ഭാസ്കരൻ.