തിരുവനന്തപുരം: അതിർത്തി സംരക്ഷണത്തിൽ പരാജയപ്പെട്ടതിന് കേരളത്തിലേക്ക് തിരിച്ചയച്ച മുൻ ബി.എസ്.എഫ് മേധാവി നിതിൻ അഗർവാളിനെ കേരളത്തിൽ റോഡ് സുരക്ഷാ കമ്മീഷണറാക്കി പോലീസിന് പുറത്തേക്ക് മാറ്റിയാണ് നിയമിച്ചത്.
നിതിൻ കേരളത്തിലേക്ക് തിരിച്ചെത്തിയതോടെ ഇവിടെ ഏറ്റവും മുതിർന്ന ഡിജിപിയായി മാറി. പക്ഷേ, നിതിനേക്കാൾ വളരെ ജൂനിയറായ ഷേഖ് ദർവേഷ് സാഹിബാണ് നിലവിലെ പോലീസ് മേധാവി.

നിതിനെ പോലീസിൽ നിയമിച്ചാൽ, പോലീസ് മേധാവി ഷേഖ് ദർവേഷിന് നിതിനെ സല്യൂട്ട് ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കാനാണ് പോലീസിന് പുറത്ത് ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചത്.

പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിനാണ് അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) ഡയറക്ടർ ജനറലായിരുന്ന നിതിൻ അഗർവാളിനെ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ചത്.

അപൂർവവും അസാധാരണവുമായിരുന്നു ഇത്തരമൊരു അച്ചടക്ക നടപടി. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ ക്യാബിനറ്റ് അപ്പോയ്ന്റ്‌മെന്റ്സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 2023 ജൂണിൽ ബി.എസ്.എഫ് മേധാവിയായ നിതിന് 2023 ജൂലായ് 30വരെ തുടരാമായിരുന്നു.

കാശ്മീരിലെ അതിർത്തി കാക്കുന്നത് ബി.എസ്.എഫാണ്. സേനയിൽ അഗർവാളിന് നിയന്ത്രണമില്ലാതായെന്നും മറ്റ് സേനകളുമായുള്ള ഏകോപനം പാളിയെന്നും കണ്ടെത്തിയാണ് കേന്ദ്രനടപടി.

നിതിൻ അഗർവാളിനെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള കേന്ദ്ര അന്വേഷണമുണ്ടെന്നും സൂചനയുണ്ട്. രണ്ടു മാസത്തിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറിയുള്ള അക്രമങ്ങൾ വർദ്ധിച്ചിരുന്നു. സ്പെഷ്യൽ ഡയറക്ടറായിരുന്ന വൈ.ബി ഖുറാനിയയെ ഒഡിഷ കേഡറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ട്.

1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന പോലീസ് മേധാവിയാക്കാൻ നേരത്തേ പരിഗണിച്ചിരുന്നു. സീനിയറായ നിതിന്റെ പേര് പട്ടികയിൽ മുന്നിലായിരുന്നു. കേന്ദ്രസർവീസിലായതിനാൽ സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല.

നിലവിൽ ഏറ്റവും സീനിയറായ നിതിൻ പൊലീസിലേക്ക് തിരിച്ചെത്തിയെങ്കിലും അതിനൊത്ത പദവിയല്ല അദ്ദേഹത്തിന് നൽകിയത്. 205400- 224400 ശമ്പള സ്കെയിലിൽ ഡിജിപി ഗ്രേഡോടെ എക്സ് കേഡർ തസ്തിക ഡിസംബർ 31വരെ സൃഷ്ടിച്ചാണ് റോഡ് സുരക്ഷാ കമ്മിഷണറായുള്ള നിയമനം. 

വിജിലൻസ് ഡയറക്ടറുടെ കേഡർ പോസ്റ്റിന് തുല്യമാക്കിയിട്ടുമുണ്ട്. നിലവിൽ കേരളാ പോലീസിലെ ഏറ്റവും സീനിയറായ ഡിജിപിയാണ് നിതിൻ അഗർവാൾ.
ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ നിതിൻ റെയിൽവേ സിഗ്നൽ എൻജിനിയറായിരുന്നു. മികച്ച ടെന്നിസ് കളിക്കാരനുമാണ്. സി.ആർ.പി.എഫിൽ അഡി.ഡയറക്ടർ ജനറലായി (ഓപ്പറേഷൻസ്) പ്രവർത്തിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed