ആലപ്പുഴ: ആലപ്പുഴയിലെത്തിയ പുതിയ ജില്ലാ കളക്ടറും ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ജോൺ വി. സാമുവൽ ഐഎഎസിന് ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, സെക്രട്ടറി എൻ. പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. ജയമോഹൻ, കുര്യൻ ജയിംസ്, ഉമാനാഥൻ എന്നിവർ സംബന്ധിച്ചു.
തുടർന്ന് ചേർന്ന ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് യോഗം സംസ്ഥാന സ്പോർട്സ് വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള ജില്ലാ സ്പോർട്സ് സമ്മിറ്റ് ചേരുവാൻ തീരുമാനിച്ചു.
ജില്ലയിലെ കായികരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നതിനു വേണ്ടി ജില്ലയിലെ ജനപ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലധികാരികൾ, ബാങ്ക് അധികൃതർ, സംരംഭകർ, വ്യാപാരി വ്യവസായികൾ അടങ്ങിയവരുടെ വിപുലമായ യോഗം സംഘടിപ്പിക്കും.
രാജാ കേശവദാസ് നീന്തൽ കുളം ജില്ലാ സ്പോർട്സ് കോംപ്ലക്സ് ആയി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി.