മോസ്‌കോ: റഷ്യയിലെ കസാന്‍ നഗരത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.
അഞ്ച് വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔപചാരിക കൂടിക്കാഴ്ചയാണിത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) തര്‍ക്ക പ്രദേശങ്ങളില്‍ പട്രോളിംഗ് പുനരാരംഭിക്കുന്നതിന് ചൈനയുമായി സന്ധിയില്‍ എത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച നടക്കുന്നത്.
ചൊവ്വാഴ്ച രാത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എല്ലാ ബ്രിക്സ് നേതാക്കള്‍ക്കും ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ക്കുമായി സംഘടിപ്പിച്ച ഔപചാരിക അത്താഴവിരുന്നില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള ഔപചാരിക കൂടിക്കാഴ്ച ബുധനാഴ്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. എന്നാല്‍, കൂടിക്കാഴ്ചയുടെ സമയത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.