യുഎസ്-കനേഡിയൻ പൗരനായ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിനെ ന്യൂ യോർക്കിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ഇന്ത്യ നടത്തുന്ന അന്വേഷണം ത്വരിതപ്പെടുത്തണമെന്നു യുഎസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരവാദിത്തം സ്‌ഥാപിക്കയും ചെയ്യണം.
പേര് പറയാൻ വിസമ്മതിച്ച യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ അന്വേഷണം നടത്തിയ കമ്മിറ്റി കഴിഞ്ഞ ആഴ്ച വാഷിംഗ്‌ടൺ സന്ദർശിച്ചപ്പോഴാണ് യുഎസ് ഉദ്യോഗസ്ഥർ അവരോടു ഇക്കാര്യങ്ങൾ ഉന്നയിച്ചതെന്നു റോയിട്ടേഴ്‌സ് പറയുന്നു.
ഇന്ത്യൻ ചാര ഏജൻസി റോയിലെ ഉദ്യോഗസ്ഥനായിരുന്ന  വികാഷ് യാദവ് ആണ് പന്നുനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയതെന്നു യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. വാടക കൊലയാളിയെ അന്വേഷിക്കാൻ നിഖിൽ ഗുപ്ത എന്നയാളെ ചുമതലപ്പെടുത്തിയത് യാദവ് ആണ്. യാദവ് ഇപ്പോൾ സർവീസിൽ ഇല്ലെന്നു ഇന്ത്യ പറയുന്നു.
എന്നാൽ യുഎസ് അഭ്യർഥന മാനിച്ചു ഗുപ്‌തയെ അറസ്റ്റ് ചെയ്തു ചെക്ക് റിപ്പബ്ലിക്ക് യുഎസിലേക്ക് അയച്ചപ്പോൾ പക്ഷെ യാദവിനെ പിടികിട്ടിയിട്ടില്ല. ഗുപ്ത ന്യൂ യോർക്ക് ജയിലിൽ ഉണ്ട്. യാദവ് എവിടെയാണെന്നു ഇന്ത്യ പറയുന്നില്ല. യുഎസിന്റെ ആവശ്യം സൂചിപ്പിക്കുന്നത് അയാളെ അറസ്റ്റ് ചെയ്തു എത്തിക്കണം എന്നാണ്.
“അർഥവത്തായ ഉത്തരവാദിത്തം സ്ഥാപിക്കുന്നതു വരെ ഞങ്ങൾ സംതൃപ്തരല്ല” എന്നാണ് യുഎസ് ഇന്ത്യയെ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. “അന്വേഷണത്തിൽ കഴിയുന്നത്ര വേഗം മുന്നോട്ടു പോകണമെന്നാണ് ഞങ്ങൾ ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നത്.”യുഎസ് നൽകിയ ഈ സന്ദേശത്തെ കുറിച്ച് വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.
ഇന്ത്യ യുഎസിന്റെ അതിപ്രധാനവും അമൂല്യവും തന്ത്രപ്രധാനവുമായ പങ്കാളിയാണെന്നു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോടു പറഞ്ഞു. “നമുക്ക് വിശ്വാസം പ്രധാനമാണ്. ഇത്തരം ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ സുതാര്യതയോടെ പ്രവർത്തിക്കാൻ കഴിയുകയും വേണം.”ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയ ഇടത്തട്ടിലെ പോരാളി മാത്രമാണ് യാദവ് എന്നാണ് പന്നുൻ ആരോപിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed