കൊച്ചി: ഡെങ്കിപ്പനിക്കെതിരെ  തദ്ദേശീയമായി വികസിപ്പിച്ച  “ഡെങ്കി ഓൾ”  വാക്സിൻറെ പരീക്ഷണം  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ ) നേതൃത്വത്തിൽ അമൃതയിൽ ആരംഭിച്ചു.  രാജ്യത്ത് ആദ്യമായാണ് ഡെങ്കിപ്പനിക്കെതിരായുള്ള വാക്‌സിൻ  മൂന്നാമത്തെ പരീക്ഷണ ഘട്ടത്തിൽ എത്തുന്നത്. അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കലൂരിലുള്ള അമൃത അർബൻ ഹെൽത്ത് സെന്ററിറിലാണ്  വാക്സിന്റെ  മൂന്നാംഘട്ട പരീക്ഷണങ്ങൾ നടക്കുന്നത്.
ഐ.സി.എം.ആർ, വാക്സിൻ നിർമ്മാതാക്കളായ പാനേഷ്യ ബയോടെക്കുമായി ചേർന്ന്  രാജ്യത്തുടെനീളം 19 കേന്ദ്രങ്ങളിലായി  ആരോഗ്യവാന്മാരായ 10,335 വ്യക്തികളിലാണ്  വാക്സിന്റെ പ്രവർത്തനം  പഠനവിധേയമാക്കുന്നത്.
ഡെങ്കിപ്പനിയുടെ നാല്  വകഭേദങ്ങളേയും  ചെറുക്കാൻ ശേഷിയുള്ള   വാക്‌സിൻ വികസിപ്പിക്കുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടീന മേരി ജോയ്  പറഞ്ഞു. ഇന്ത്യയിൽ രോഗത്തിന്റെ എല്ലാ വകഭേദങ്ങളും കാണപ്പെടുന്നു. ഒരിക്കൽ ഡെങ്കിപ്പനി  ഭേദമായവർക്ക്  പിന്നീടും രോഗബാധ ഉണ്ടാകാൻ ഇത് ഇടയാക്കുന്നു.
നിലവിൽ പരീക്ഷണ ഘട്ടത്തട്ടിലുള്ള  “ഡെങ്കി ഓൾ”  വാക്‌സിൻ   എല്ലാ ഡെങ്കി  വകഭേദങ്ങൾക്കും  ഫലപ്രദമാണെന്ന്  ആദ്യ രണ്ടു പരീക്ഷണ ഘട്ടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . 
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത്  റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനിയിൽ  മൂന്നിലൊന്നും ഇന്ത്യയിലാണ്. ഡെങ്കിപ്പനിബാധിതരിൽ 70 ശതമാനം ആളുകൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല.  ശിശുക്കളിലും പ്രായമായവരിലും രോഗസങ്കീണ്ണതകളും  മരണസാധ്യതയും  കൂടുതലാണ് .

By admin

Leave a Reply

Your email address will not be published. Required fields are marked *