പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സരിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും കോണ്‍ഗ്രസ് വിട്ടു.
തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്ന് ഷാനിബ് ആരോപിച്ചു. പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
ആറന്മുളയില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു.
പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്ന് ഷാനിബ് വിമര്‍ശിച്ചു. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി.
സന്തോഷകരമായ ദിവസമല്ല തന്നെ സംബന്ധിച്ച്. ഒരിക്കലും ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല. 15 ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതാണ്. ഇതൊന്നും തള്ളല്ല. തന്റെ നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരം. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വി.ഡി.സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി.സതീശന്‍ ആര്‍.എസ്.എസിന്റെ കാല് പിടിക്കുകയാണെന്ന് ഷാനിബ് പറഞ്ഞു.
വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്. ഉമ്മന്‍ചാണ്ടി സാറ് പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പരാതി പറയുമ്പോള്‍ അത് കേള്‍ക്കാനാളില്ല. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.