പട്‌ന: ബിഹാറിലുണ്ടായ വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നതായി പൊലീസ്. നിരവധിപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്. സിവാനിൽ മാത്രം മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി റിപ്പോർട്ട് .
അതേസമയം, മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ചു. ബിഹാറിൽ സമ്പൂർണ മദ്യനിരോധനമാണ് ഏർപ്പെടുത്തിയതെങ്കിലും മദ്യമാഫിയകളാണ് ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകുന്നതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് മഘർ, ഔരിയ പഞ്ചായത്തുകളിൽ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ആദ്യവിവരം ലഭിച്ചത്.