പത്തനംതിട്ട : ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് കത്ത് നൽകി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. 8 മാസമായി എന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചയാളായിരുന്നു നവീൻ ബാബു. സംഭവിക്കാൻ പാടില്ലാത്ത, നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ടായത്. നിങ്ങളെ കാണുമ്പോൾ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല.
‘കാര്യക്ഷമതയോടെയും സഹാനു നുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിർവഹിച്ചയാളാണ് നവീൻ. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന പ്രിയ സഹപ്രവർത്തകർ. എന്റെ ചുറ്റും ഇപ്പോൾ ഇരുട്ട് മാത്രമാണ്ട്’. വിഷമഘട്ടത്തെ അതിജീവിക്കാൻ എല്ലാവർക്കും കരുത്തുണ്ടാകട്ടേയെന്നും കളക്ടർ നൽകിയ കത്തിലുണ്ട്.
പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.
കളക്ടർക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയിൽ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതിനിടെ എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ തത്കാലം കണ്ണൂരിൽ തുടരാൻ ആവശ്യപ്പെട്ട് അപേക്ഷ മടക്കി. എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുൺ കെ വിജയൻ്റെ നീക്കം.