ഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യമിട്ടുള്ള വ്യാജ ബോംബ് ഭീഷണി കോളുകളുടെ ഉത്ഭവം കണ്ടെത്താനായി വിപിഎന്‍ സേവന ദാതാക്കളെ സമീപിക്കാന്‍ ഒരുങ്ങി കേന്ദ്ര ഏജന്‍സികള്‍.
ഭീഷണി കോളുകളില്‍ പലതും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്ക്കുകള് ഉപയോഗിച്ചിട്ടുള്ളവയാണെന്നും ഇത് ട്രാക്കിംഗ് പ്രക്രിയയെ സങ്കീര്‍ണ്ണമാക്കുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വെളിപ്പെടുത്തി.
ലണ്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഐപി വിലാസങ്ങളുമായി ബന്ധപ്പെട്ടാണ് വ്യാജ ഭീഷണികള്‍ വരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര, അന്തര്‍ദേശീയ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ 20 വിമാനങ്ങള്‍ക്ക് ഈ ആഴ്ച ബോംബ് ഭീഷണി ലഭിച്ചിരുന്നു. തിങ്കളാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഭീഷണി ലഭിച്ചു. എല്ലാ ഭീഷണികളും പിന്നീട് കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.