പലസ്തീൻ അനുകൂല മാർച്ച് മുന്നിൽ നിന്ന് നയിച്ച് ക്യൂബൻ പ്രസിഡന്‍റ്; അണിനിരന്ന് ആയിരങ്ങൾ

ഹവാന: ക്യൂബൻ പ്രസിഡന്‍റ്  മിഗ്വേൽ ഡിയാസ് കാനലിന്‍റെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനമായ ഹവാനയിൽ ആയിരങ്ങൾ അണിനിരന്ന പലസ്തീൻ അനുകൂല റാലി. പ്രസിഡന്‍റാണ് റാലിയെ മുന്നിൽ നിന്ന് നയിച്ചത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്‍റെ ഒന്നാം വാർഷികമായ ഒക്ടോബർ 7 ന് മാർച്ച് നടത്താനാണ് തീരുമാനിച്ചതെങ്കിലും മിൽട്ടൺ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു. 

പ്രസിഡന്‍റും മറ്റ് നേതാക്കളും പലസ്തീൻ ഐക്യദാർഢ്യത്തിന്‍റെ പ്രതീകമായ കെഫിയ സ്കാർഫുകൾ ധരിച്ചിരുന്നു. ക്യൂബയിൽ താമസിക്കുന്ന 250 ഓളം പലസ്തീൻ മെഡിക്കൽ വിദ്യാർത്ഥികളുൾപ്പെടെ കൂറ്റൻ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. സ്വതന്ത്ര പലസ്തീനായി മുദ്രാവാക്യം മുഴക്കി. പലസ്തീന്‍റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പിന്തുണയുമായാണ് റാലിയിൽ പങ്കെടുത്തതെന്ന് 20 കാരനായ ഇന്‍റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥി മൈക്കൽ മരിനോ പറഞ്ഞു. 

“കഴിഞ്ഞ ഒരു വർഷമായി ഒരു ദിവസം പോലും ഗാസ ശാന്തമായിട്ടില്ല, സമാധാനത്തിന്‍റേതായ ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഈ ദുരന്തം തടയാൻ കഴിയാതെ ലോകം സ്തംഭിച്ചിരിക്കുമ്പോൾ വെസ്റ്റ് ബാങ്കിലെ  നമ്മുടെ ആളുകൾ ദിവസേന ആക്രമണം നേരിടുന്നു”- പലസ്തീൻ വിദ്യാർത്ഥിയായ മുഹമ്മദ് സുവാൻ പറഞ്ഞു. 

ഗാസയിലെ ആക്രണത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത പരാതിയെ ക്യൂബയും പിന്തുണച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹവാനയിലെ എംബസിയിലേക്ക് നടത്തി‌യ മാർച്ചിനും നേതൃത്വം നൽകിയത് ക്യൂബൻ പ്രസിഡന്‍റായിരുന്നു. സ്വതന്ത്ര പലസ്തീൻ ആവശ്യമുയർത്തിയായിരുന്നു മാർച്ച്. 

‘മറ്റൊരു ഒക്ടോബർ 7ന് കോപ്പുകൂട്ടുന്നു’: ഹിസ്ബുല്ലയുടെ ടണലിനുള്ളിലെ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin