ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ അപ്രതീക്ഷിത വിജയവുമായി ഇസ്രായേല്‍ സൈന്യം. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രല്ലയ്ക്ക് പിന്നാലെ ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെയും ഇസ്രായേല്‍ വധിച്ചിരിക്കുകയാണ്. ഇതോടെ ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തില്‍ ഹമാസിനോട് ഇസ്രായേല്‍ മധുര പ്രതികാരം ചെയ്തിരിക്കുകയാണ്.
ഗാസയിലെ ബിന്‍ ലാദന്‍ എന്ന പേരില്‍ കുപ്രസിദ്ധനാണ് യഹ്യ സിന്‍വാര്‍. എന്നാല്‍ ഇസ്രായേല്‍ ഇയാളെ പ്രത്യേകമായി ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയായിരുന്നില്ല. ഇസ്രായേല്‍ സൈന്യം പോലും അറിയാതെ വളരെ യാദൃശ്ചികമായാണ് സിന്‍വാറിന്റെ മരണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടിയിലാണ് ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഈ ദൗത്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇയാളായിരുന്നില്ലെന്നും ഐഡിഎഫ് അവകാശപ്പെട്ടു. തങ്ങള്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിടത്തില്‍ യഹ്യ സിന്‍വാര്‍ ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യത്തിന് അറിയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പലസ്തീന്‍ ഗ്രൂപ്പിലെ നിരവധി പോരാളികള്‍ ഒരു കെട്ടിടത്തിലേക്ക് കയറിപ്പോകുന്നത് ഇസ്രായേലി സൈനികര്‍ ശ്രദ്ധിക്കുകയും ഇതോടെ ഉടന്‍ തന്നെ ആ കെട്ടിടത്തിന് നേരെ വ്യോമാക്രമണം നടത്തുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ബോംബാക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പിന്നീട് ഇസ്രായേല്‍ സൈന്യം കെട്ടിടത്തില്‍ കയറി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിയത്. കാരണം ആ മൃതദേഹങ്ങളില്‍ അവരുടെ ഒന്നാം നമ്പര്‍ ശത്രു യഹ്യ സിന്‍വാറും ഉണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് യഹ്യ സിന്‍വാര്‍. ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷമാണ് ഗാസയില്‍ യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.