ആലപ്പുഴ: ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയില്‍. ചെറിയനാട് കടയ്ക്കാട് മുറി കവലക്കല്‍ വടക്കത്തില്‍ സലീന(50)യാണ് തിരുവനന്തപുരത്ത് വച്ച് അറസ്റ്റിലായത്. 
1999ലാണ് സംഭവം. പ്രതിയും ഭര്‍ത്താവും ചേര്‍ന്ന് ഇയാളുടെ ആദ്യ ഭാര്യയെ മര്‍ദിക്കുകയായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഭര്‍ത്താവുമൊത്ത് കടന്നു കളയുകയായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കുറേ കാലം ഒളിവില്‍ കഴിഞ്ഞുവരവെ സലീന പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ചു. 
പിന്നീട് ഗസറ്റില്‍ രാധിക കൃഷ്ണന്‍ എന്ന് പേരുമാറ്റി തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തന്‍കോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബംഗളുരുവിലും ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി തവണ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് സലീനയെ 2008ല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 
ദീര്‍ഘനാളത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് വെണ്‍മണി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ബംഗളുരുവിലെ കൊല്ലക്കടവിലെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
വെണ്‍മണി ഐഎസ്എച്ച്ഒ എ നസീര്‍, സീനിയര്‍ സി.പി.ഒമാരായ ശ്രീദേവി, റഹിം, അഭിലാഷ്, സി.പി.ഒ. ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 24 വര്‍ഷമായി മുടങ്ങിക്കിടന്ന വിസ്താരം ഉടന്‍ ആരംഭിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *