ഡല്‍ഹി: നയതന്ത്രജ്ഞരെ പിന്‍വലിച്ചതിനെക്കുറിച്ചുള്ള കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രതികരണത്തെ അപലപിച്ച് ഇന്ത്യ.
‘സമത്വം നടപ്പാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ന്യൂഡല്‍ഹി നിരസിക്കുന്നു’ എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ പ്രതികരണം.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്.
നയതന്ത്രജ്ഞര്‍ പോയില്ലെങ്കില്‍ വെള്ളിയാഴ്ചയോടെ അവരുടെ ഔദ്യോഗിക പദവി റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോള പറഞ്ഞിരുന്നു. ഈ നീക്കം യുക്തിരഹിതവും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ലംഘനവുമാണെന്നും അവര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യ കാനഡയുടെ പ്രതികരണം തള്ളി രംഗത്തെത്തിയത്.
വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന…
‘ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര സാന്നിധ്യത്തെക്കുറിച്ച് ഒക്ടോബര്‍ 19 ന് കാനഡ സര്‍ക്കാര്‍ നടത്തിയ പ്രസ്താവന ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളുടെ സ്ഥിതി, ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം, നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ തുടര്‍ച്ചയായി നടത്തുന്ന ഇടപെടല്‍ എന്നിവ ന്യൂഡല്‍ഹിയിലും ഒട്ടാവയിലും പരസ്പര നയതന്ത്ര സാന്നിധ്യത്തില്‍ തുല്യത ഉറപ്പാക്കുന്നു.
ഇത് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങളും രീതികളും രൂപപ്പെടുത്തുന്നതിന് കഴിഞ്ഞ ഒരു മാസമായി ഇന്ത്യ കാനഡയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
ഈ സമത്വം നടപ്പിലാക്കുന്നതിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 നോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമത്വം നടപ്പിലാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ഞങ്ങള്‍ തള്ളിക്കളയുന്നു’.