ഡല്‍ഹി: തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ബോംബ് ഭീഷണിയെ തുടര്‍ന്ന് ഉന്നതതല യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം. തിങ്കളാഴ്ച നടത്തിയ യോഗത്തിന് പിന്നാലെയാണ് പുതിയ യോഗം ചേരുന്നത്.
ബോംബ് ഭീഷണിയെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു തിങ്കളാഴ്ച ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, സിഐഎസ്എഫ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 10 ഒളം ബോംബ് ഭീഷണികളാണ് വിമാനങ്ങള്‍ക്ക് നേരെയുണ്ടായത്.
സോഷ്യല്‍ മീഡിയ വഴി പത്തിലധികം ബോംബ് ഭീഷണികള്‍ ലഭിച്ചതായി സിഐഎസ്എഫ് വൃത്തങ്ങളെ അടിസ്ഥാനമാക്കി എഎന്‍ഐ സ്ഥിരീകരിച്ചു.
വിമാനങ്ങളിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നിരവധി അക്കൗണ്ടുകള്‍ ഞങ്ങള്‍ കണ്ടെത്തി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ലണ്ടനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ചില ഭീഷണികള്‍ ഉണ്ടായതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഓരോ ഭീഷണിയും പ്രധാനമാണെന്നും അത് യാത്രക്കാരുടെ സുരക്ഷയുടെ കാര്യമായതിനാല്‍ അവഗണിക്കാനാകില്ലെന്നും എയര്‍പോര്‍ട്ട് സെക്യൂരിറ്റിയിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഭീഷണി ലഭിച്ച ശേഷം തുടര്‍നടപടികള്‍ക്കായി ഞങ്ങള്‍ എയര്‍ലൈനുകളേയും വിമാനത്താവളത്തിലെ ബന്ധപ്പെട്ട സുരക്ഷാ ഓഫീസറെയും അറിയിക്കുന്നുണ്ടെന്നും ഓഫീസര്‍ പറഞ്ഞു.