തണുത്തുറഞ്ഞ കടലിൽ ഒറ്റപ്പെട്ടു, 67 ദിവസത്തെ അതിജീവനത്തിന് ശേഷം യുവാവ് കരയിലേക്ക്! സ​ഹോദരനും മരുമകനും മരിച്ചു

മോസ്കോ: തിമിം​ഗലത്തെ കാണാൻ പോയി കടലിൽ കുടുങ്ങിയ യുവാവിനെ 67 ദിവസത്തിനൊടുവിൽ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇയാളുടെ കൂടെ പുറപ്പെട്ട സഹോദരനും സുഹൃത്തും മരിച്ചു. റഷ്യയിലാണ് സംഭവം നടന്നത്. കാംചത്ക പെനിൻസുലയിൽ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. രക്ഷപ്പെട്ടയാളുടെ പേരുവിവരങ്ങൾ ഔദ്യോ​ഗികമായി പുറത്തുവിട്ടില്ലെങ്കിലും  46 കാരനായ മിഖായേൽ പിച്ചുഗിൻ എന്നയാളാണ് രക്ഷപ്പെട്ടതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 49 കാരനായ സഹോദരനും 15 കാരനായ മരുമകനും ഒഖോത്‌സ്ക് കടലിൽ തിമിംഗലങ്ങളെ കാണാൻ പുറപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച ബോട്ടിൽനിന്ന് രണ്ട് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. 

ഒഖോത്‌സ്ക് കടലിൻ്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ശാന്തർ ദ്വീപുകളിലേക്കാണ് മൂന്നുപേരും യാത്ര ചെയ്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഓഗസ്റ്റ് 9 ന് സഖാലിൻ ദ്വീപിലേക്ക് മടങ്ങവെയാണ് ഇവരെ കാണാതായത്. രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. കാണാതാകുമ്പോൾ കുറച്ച് ഭക്ഷണവും 5.2 ഗാലൻ (20 ലിറ്റർ) വെള്ളവും മാത്രമേ ഇവരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. 

കണ്ടെത്തുമ്പോൾ പിച്ചുഗിൻ്റെ ഭാരം ഏകദേശം 50 കിലോ മാത്രമായിരുന്നു. ശരീരഭാരത്തിൻ്റെ പകുതി കുറഞ്ഞതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു. കിഴക്കൻ ഏഷ്യയിലെ ഏറ്റവും തണുപ്പുള്ളതും കൊടുങ്കാറ്റിന് പേരുകേട്ടതുമായ ഒഖോത്‌സ്ക് കടലിൽ എങ്ങനെ അതിജീവിക്കാൻ കഴിഞ്ഞുവെന്നത് അത്ഭുതമാണ്. സഹോദരനും മരുമകനും എങ്ങനെ മരിച്ചുവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.  മീൻപിടിത്ത കപ്പലിലെ ജീവനക്കാർ അവരുടെ റഡാറിൽ ചെറിയ ബോട്ട് കണ്ടപ്പോൾ ജങ്ക് കഷണമാണെന്നാണ് ആദ്യം കരുതിയത്. സ്പോട്ട്ലൈറ്റ് ഓണാക്കി പരിശോധിച്ചപ്പോഴാണ് മനുഷ്യസാന്നിധ്യമുള്ളതായി കണ്ടെത്തിയത്.  

 

By admin

You missed