പാലക്കാട് എൽഡിഎഫ് – യുഡിഎഫ് മത്സരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി, ചേലക്കരയിൽ ജയപ്രതീക്ഷയോടെ യുആർ പ്രദീപ്
പാലക്കാട്: പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് – യു.ഡി.എഫ് നേർക്കുനേർ മത്സരമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. ഉപതെരെഞ്ഞെടുപ്പ് ഫലം വന്നാൽ പാലക്കാട് മണ്ഡലത്തിൽ നേമവും വട്ടിയൂർക്കാവും പോലെ പാലക്കാടും ചെങ്കൊടി പാറും. പാലക്കാട് സ്വദേശി തന്നെയായിരിക്കും ഇടതുമുന്നണി സ്ഥാനാർത്ഥി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മറ്റ് തടസങ്ങളില്ല. സർക്കാരിൻ്റെ ഭരണ നേട്ടം വിജയം ഉറപ്പാക്കും. സംസ്ഥാന സർക്കാരിനെ കേന്ദ്ര സർക്കാർ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്നത് ബിജെപിക്കെതിരെ മുഖ്യ പ്രചാരണമാക്കുമെന്നും സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന യുആർ പ്രദീപും ജയപ്രതീക്ഷയിലാണ്. ജനങ്ങളിലാണ് തന്റെ വിശ്വാസമെന്നും വർധിച്ച ഭൂരിപക്ഷത്തിന് ഇടത് മുന്നണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ നിർവ്വഹിക്കും. ചേലക്കരയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.