പാലക്കാട്: സ്കൂൾ കലോൽസവത്തിൽ ആദിവാസി കലകളെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ട് തികഞ്ഞ വർഷത്തിൽ സ്വപ്ന തുല്യമായ ആ ഉത്തരവ് യാഥാർത്ഥ്യമായി. ഗോത്രകലകൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കികൊണ്ട് ഒടുവിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം.
ആദിവാസി നൃത്തരൂപങ്ങൾ മത്സരയിനങ്ങളാക്കി സെപറ്റംബർ 30 നാണ് ഉ ത്തരവായത്. തുടർന്ന് ഒക്ടോബർ 7 ന് സർക്കുലർ പറപ്പെടുവിച്ച് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരിക്കയാണ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം പളിയനൃത്തം, എന്നിവയാണ് പുതിയ മത്സരയിനങ്ങളായി കലോത്സവ വേദികൾക്ക് ഹരം പകരുവാൻ പോകുന്നത്. ഇതിന്റെ ആഹ്ളാദത്തിലാണ് ആദിവാസി കലാ പ്രേമികൾ.രണ്ടായിരാമാണ്ടിൽ സ്കൂൾ യുവജനോൽസവം പാലക്കാട് നടക്കുമ്പോൾ ചരിത്രത്തിൽ ആദ്യമായി ആദിവാസി കലകൾ സ്കൂൾ യുവജനോൽസവത്തിന്റെ ഭാഗമായി.
അന്ന് പ്രദർശന ഇനമായി ചിണ്ടക്കിയിലെ “അട്ടപ്പാടി ആദിവാസി ഹൈസ്കൂൾ” കുട്ടികൾ ആദിവാസി നൃത്തം അവതരിപ്പിച്ചു. കാണികൾ അത്യാവശത്തോടെയാണ് ഇതിനെ നെഞ്ചിലേറ്റിയത്. അന്നത്തെ ഉദ്ഘാടനം കഴിഞ്ഞയുടൻ ആദ്യ ഇനമായിരുന്നു ആദിവാസി നൃത്തം. ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ ആദിവാസി സ്കൂളിലെ അന്നത്തെ പി .ടി .എ. പ്രസിഡന്റ് മരുതമൂപ്പനും ഹെഡ്മാസ്റ്റർ പി.വി. സഹദേവനും വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫിന് ആദിവാസി കലകളെ സ്കൂൾ യുവജനോൽസവത്തിൽ മൽസര ഇനമായി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് നിവേദനം നൽകി. തുടർന്ന് മുൻ ഹെഡ് മാസ്റ്റർ എന്ന നിലയിലും എല്ലാവർഷവും സഹദേവൻ ഈ ആവശ്യം ആവർത്തിച്ച് നിവേദനം നൽകി വന്നു.
2007..2008 ലാണ് ആദ്യമായി ഈ ആവശ്യം പരിഗണനയ്ക്കെടുത്തത്. പക്ഷേ മൽസര ഇനങ്ങളുടെ ബാഹുല്യം, ജഡ്ജസിനെ കണ്ടെത്താനുള്ള പ്രയാസം എന്നീ കാരണങ്ങൾ പറഞ്ഞ് ഉൾപ്പെടുത്തിയില്ല.2009 ൽ സ്കൂൾ യുവജനോൽസവം സ്കൂൾ കലോൽസവം എന്ന് അറിയപ്പെട്ട് തുടങ്ങിയപ്പോഴും വീണ്ടും നിവേദനം നൽകൽ തുടർന്നു വന്നു.
2O15 ലും ഈ ഉറപ്പ് ആവർത്തിക്കപ്പെട്ടതല്ലാതെ ഫലമുണ്ടായില്ല.മുൻ ഹെഡ്മാസ്റ്റർ എന്ന നിലയിൽ നിവേദനം നൽകി വന്നിരുന്ന സഹദേവൻ “സൗഹൃദം ദേശീയ വേദി” എന്ന സാംസ്കാരിക സംഘടന രൂപീകരിക്കപ്പെട്ടതോടുകൂടി അതിന്റെ ഭാരവാഹി എന്ന നിലയിൽ ഇത് സംബന്ധിച്ച് നിവേദനം നൽകുന്നത് തുടർന്നു വന്നു .2/12/ 2023 ന് നവകേരള സദസ്സ് വഴി നൽകിയ നിവേദനത്തിന് കലോൽസവ മാന്വൽ പ രിഷ്കരണ സമയത്ത് സമിതിയുടെ മുൻപാകെ സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സഹദേവനെ അറിയിച്ചിരുന്നു.
2008 ൽ പാലിക്കപ്പെടാതെ പോയ ഉറപ്പ് 2024 ൽ നിറവേറ്റപ്പെട്ടിരിക്കയാണ്. സർക്കാരിന്റെ ഈ ഉത്തരവ് വിപ്ലവകരമാണെന്ന് വിലയിരുത്തിയ സൗഹൃദം ദേശീയ വേദിയുടെ യോഗം സർക്കാരിനെ അഭിനന്ദിച്ചു. വാക്കുപാലിച്ച മുഖ്യമന്ത്രിക്ക് യോഗം നന്ദി രേഖപ്പെടുത്തി.
അന്യം നിന്നു പോകുന്ന ആദിവാസി കലകളെ സംരക്ഷിക്കുന്നതിനായി അട്ടപ്പാടി കേന്ദ്രമാക്കി ഗോത്ര കലാമണ്ഡലം/ അക്കാദമി തുടങ്ങണമെന്ന ആവശ്യം അംഗീകരിക്കപ്പെടാൻ തുടർ ശ്രമം നടത്തുവാനും തീരുമാനിച്ചു. പ്രശസ്ത ആദിവാസി കലാകാരി നഞ്ചിയമ്മയെ ഗോത്ര കലാമണ്ഡലത്തിന്റെ ചെയർ പേഴ്സണാക്കണമെന്നും യോഗം വീണ്ടും ആവശ്യപ്പെട്ടു.
മണ്ഡലം നവകേരള സദസ്സിലാണ് നിവേദനം നൽകിയത്. ഇത് സംബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട് , ട്രഷറർ കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.