കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തെ അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തിനും തുടര്‍ഭരണത്തിനും കാരണമായത് ഈ കൂട്ടുകെട്ടാണ്. ലൈഫ്മിഷന്‍ കേസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം വഴിയില്‍വെച്ച് അവസാനിപ്പിച്ചതും ബിജെപി സിപിഐഎം കൂട്ടുകെട്ടിന്റെ ഫലമെന്നും വിഡി സതീശന്‍ ആരോപിച്ചു.

വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായി ഇന്‍ഡ്യ മുന്നണിക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ കൂടെയാണ് സിപിഐഎം – സിപിഐ നേതൃത്വങ്ങള്‍ നിന്നത്. എന്നാല്‍ ഇന്‍ഡ്യാ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തെ സമ്മര്‍ദ്ദപ്പെടുത്തി കേരള ഘടകം തീരുമാനം എടുപ്പിച്ചു. ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും.

സിപിഐ ഡി രാജയെ ഇന്‍ഡ്യ മുന്നണിയിലേക്ക് പ്രതിനിധിയായി അയച്ചു. ഇടതുകക്ഷികളെല്ലാം സാധാരണ ഒരുമിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കാറ്. എന്നാല്‍ പ്രതിനിധിയെ അയക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം അത് നടന്നില്ല. സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലെ ഭരണകൂടത്തെ വിരല്‍ത്തുമ്പില്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്; വിഡി സതീശന്‍ പറഞ്ഞു.

തൃശൂരിലെ കരുവന്നൂരില്‍ നടക്കുന്ന ഇഡി അന്വേഷണം സെറ്റില്‍മെന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവസാനം തൃശ്ശൂര്‍ സീറ്റില്‍ ഒരു സെറ്റില്‍മെന്റിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുമോയെന്ന് ഭയപ്പെടുന്നുവെന്നും വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയില്‍ എന്‍ഡിഎ മുന്നണിയിലെ ഒരുപാര്‍ട്ടിയുടെ പ്രതിനിധി ഇരിക്കുന്നു. ദേവഗൗഡയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിം തള്ളിപ്പറഞ്ഞു. ഒരു കാരണവശാലും ബിജെപിയില്‍ ചേരാന്‍ പാടില്ലെന്ന് പറഞ്ഞ അയാള്‍ക്കെതിരെ നടപടിയെടുത്തു, പുറത്താക്കി. ഇവിടുത്തെ കേരളഘടകത്തെ പുറത്താക്കിയിട്ടില്ല. ദേവഗൗഡ പറഞ്ഞത് സത്യമാണ്. ജെഡിഎസിന്റെ കേരള ഘടകം ബിജെപിക്കൊപ്പം ചേരുന്നതിനെ പിന്തുണയ്ക്കുകയും അവരെ മന്ത്രിസഭയില്‍ നിലനിര്‍ത്താമെന്ന് ദേഗൗഡക്ക് വാക്കും നല്‍കിയിട്ടുണ്ട് പിണറായി വിജയന്‍. ഇത് കേട്ട്‌കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഇതോടെ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നിരിക്കുകയാണ്; വിഡി സതീശന്‍ പറഞ്ഞു.

ഒരു മാസം കൊണ്ടാണോ ദേവഗൗഡയ്ക്ക് പ്രായാധിക്യം വന്നതെന്ന് മാത്യു ടി തോമസിനുള്ള മറുപടിയായി വി ഡി സതീശൻ ചോദിച്ചു. തെറ്റിദ്ധാരണ അല്ലെങ്കിൽ പ്രായാധിക്യത്തിന്റെ പിഴവ് എന്നായിരുന്നു ദേവഗൗഡയുടെ പ്രസ്താവനയെക്കുറിച്ച് നേരത്തെ മാത്യു ടി തോമസ് പറഞ്ഞത്. ജെഡിഎസിനോട് കൃത്യമായ നിലപാട് എടുക്കാൻ പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് മടിയെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആര് പറയുന്നതാണ് സത്യമെന്ന് അറിയില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം വെളിപ്പെടുത്തല്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് സംശയമുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.
ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പറഞ്ഞു. ജെഡിഎസ് മന്ത്രിയെ ഒഴിവാക്കത്ത് അന്തര്‍ധാര കാരണമാണെന്ന് ചൂണ്ടിക്കാണിച്ച ഹസ്സന്‍ ജെഡിഎസിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഇരട്ട എഞ്ചിനും ഇരട്ട ചങ്കനും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ആരോപിച്ച ഹസന്‍ ഗൗഡയുടെ വെളിപ്പെടുത്തലില്‍ പിണറായി വിജയന്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കാനും എംഎം ഹസന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *