സുരേഷ് ഗോപിയെന്ന സാമൂഹ്യസേവകനായ രാഷ്ട്രീയക്കാരനെ ഈ സമൂഹം അർഹിക്കുന്നില്ലെന്ന മകൻ ഗോകുൽ സുരേഷിന്റെ അഭിപ്രായത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ഗോകുലിന്റേത് ഒരു മകന്റെ വിഷമമാണെന്നും ഒരുപാട് പേര്‍ പുലഭ്യം പറയുമ്പോൾ വന്നുപോകുന്ന അഭിപ്രായമാണിതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഭാര്യ രാധികയ്ക്കും ഇതേ അഭിപ്രായമുണ്ടെന്നും എന്നാൽ ഇവര്‍ രണ്ടുപേരും ഇന്നേവരെ ഇക്കാര്യം തന്നോടു പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ഗരുഡൻ’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഗോകുലിന് അങ്ങനെയൊരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായമുണ്ട്. ആ അഭിപ്രായം ഇന്നേവരെ എന്നോടോ മറ്റാരോടും പറഞ്ഞിട്ടില്ല. ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചിലവാക്കി സിനിമയിൽ അഭിനയിച്ച് കിട്ടുന്ന പണം എന്ത് ചെയ്യണമെന്നത് ഏട്ടനാണ് തീരുമാനിക്കുന്നത്.
എനിക്ക് ആ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി എന്ത് ചെയ്യണമെന്നതാണ് എന്റെ ചുമതല. അതിനകത്ത് ഒരഭിപ്രായം പറയാൻ ഞാൻ തയാറല്ല എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോടു തന്നെ ഇതു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ആ അഭിപ്രായം എന്റെ അടുത്ത് എത്തിയിട്ടില്ല. ഗോകുലിന്റേത് മകന്റെ വിഷമമാണ്. ഒരുപാട് പേര്‍ പുലഭ്യം പറയുമ്പോൾ വന്നുപോകുന്നതാണ്. എന്റെ എല്ലാ മക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നൊരു ദൂരം കൃത്യമായി വയ്ക്കുക, ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. സിനിമാ നടന്മാരെക്കുറിച്ചും നടിമാരെക്കുറിച്ചും ഇങ്ങനെ പറയാറില്ലേ.
മറ്റുള്ളവർ നമ്മളെക്കുറിച്ച് എങ്ങനെ പറയുന്നുവോ എങ്ങനെ മനസ്സിലാക്കുന്നുവോ അത് വിചാരശൂന്യതയാണ്. നമ്മൾ എന്തായിരിക്കണം എന്ന് നമ്മൾ നിശ്ചയിച്ചാൽ അതിൽ മാലിന്യം ലവലേശം ഇല്ലായെങ്കിൽ നമ്മൾ ആ പാതയില്‍ തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുക.
ഞാൻ അതാണ് ചെയ്യുന്നത്. കൃമി കീടങ്ങളെയൊന്നും ഞാൻ വകവച്ചുകൊടുക്കാറില്ല, വകവച്ചുകൊടുക്കുകയുമില്ല.’’–സുരേഷ് ഗോപി പറഞ്ഞു.