കോട്ടയം: സഞ്ചാരികളുടെ പറുദീസയായി ഇല്ലിക്കല്‍കല്ല്. പൂജാ ദീപാവലി അവധി സീസണ്‍ ആയതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇല്ലിക്കല്‍കല്ലിലേക്ക്. തുലാവര്‍ഷം ആരംഭിച്ചതിനാല്‍ ചാറ്റല്‍ മഴയോടൊപ്പം കോട മഞ്ഞും എത്തുന്നത് ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ ഇല്ലിക്കല്‍കല്ലില്‍ എത്തി ചിത്രങ്ങള്‍ എടുത്തു മടങ്ങുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 3400 അടി ഉയരത്തിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. പകലുരുക്കുന്ന മീനച്ചൂടിനെ കുളിര്‍മയുള്ളതാക്കുകയാണ് ആ പരിസരം. വാഗമണ്ണിന്റെ തണല്‍പറ്റി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയായിരുന്നു ഇല്ലിക്കല്‍കല്ല്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. ഇല്ലിക്കല്‍ മലയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വലിയ മൂന്ന് പാറകളാണ് ഇല്ലിക്കല്‍ കല്ല് എന്ന് അറിയപ്പെടുന്നത്. പകുതി അടര്‍ന്ന് മാറിയ നിലയില്‍ മലയ്ക്ക് മുകളിലായി നിലകൊള്ളുന്ന പാറയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇതില്‍ ഏറ്റവും ഉയര്‍ന്ന് കൂണുപോലെ നില്‍ക്കുന്ന കല്ലാണ് കൂടക്കല്ല്.
അതിനടുത്ത് ഫണം വിടര്‍ത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട് കൂനന്‍കല്ല്. ഇതിന് രണ്ടിനും ഇടയിലുള്ള വിടവിന് ഏകദേശം 20 അടിയോളം താഴ്ചയുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുണ്ട്. നരകപാലം എന്നാണ് ഇത് അറിയപ്പെടുന്നത്.
അടിവാരത്തുള്ള വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി കുറച്ചേറെ ദൂരം നടന്നോ, ഡി.ടി.പി.സിയുടെ ജീപ്പിലോ മുകളിലെത്താം. അതേ സമയം ഇല്ലിക്കല്‍ കല്ലിലേക്ക് എത്തുന്ന മേലടുക്കം ഇല്ലിക്കല്‍കല്ല് റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
മഴ ശക്തമായതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. മഴയില്‍ വാഹനം ഓടിക്കുന്നത് പെട്ടന്ന് നിയന്ത്രണം വിടാന്‍ കാരണമായി തീരും. കഴിഞ്ഞ ദിവസം ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തില്‍ ഇടിച്ചു കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. കഴിഞ്ഞ മാസം ഇല്ലിക്കല്ല് സന്ദര്‍ശിച്ചു മടങ്ങിയ തമിഴ്നാട് സംഘം സഞ്ചരിച്ച ട്രാവലര്‍ താഴ്ചയിലേക്കു മറിഞ്ഞു അഞ്ചോളം പേര്‍ക്കു പരുക്കേറ്റിരുന്നു.
ജൂണിലും സമാന അപകടങ്ങളുണ്ടായി. കുത്തനെയുള്ള ഇറക്കവും നിരവധി വളവുകളിലും അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതാണ് അപകടങ്ങളുണ്ടാകാന്‍ കാരണം. ക്ഷീണം കാരണം ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും അപകങ്ങള്‍ക്കു കാരണമാകുന്നുണ്ട്. മേലടുക്കം ഇല്ലിക്കല്‍കല്ല് റോഡില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്ഥാപിക്കണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.