പാകിസ്ഥാന്‍ കരുണ കാണിക്കണം! ഇന്ത്യക്ക് ഇനിയും വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍ സാധ്യത

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായെന്ന് പറയാം. ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടാന്‍ സാധിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. നേരിയ സെമി ഫൈനല്‍ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

ഇരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന നാലിലെത്തുക. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഓസീസിന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. അവര്‍ അവസാന നാലില്‍ എത്തുകയും ചെയ്തു. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച ഇന്ത്യക്ക് നാല് പോയിന്റുമായി രണ്ടാമതാണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമത്. കിവീസിന് പാകിസ്ഥാനെതിരായ മത്സരം ബാക്കിയുണ്ട്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള പാകിസ്ഥാന്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയുടെ സാധ്യതകള്‍ നേരത്തെ അവസാനിച്ചു.

ടോസ് സമയത്ത് മലയാളി താരം ആശ ഇന്ത്യന്‍ ടീമിലുണ്ട്, മത്സരം തുടങ്ങുമ്പോള്‍ പുറത്തായി! കാരണമറിയാം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ് – പാകിസ്ഥാന്‍ പോരാട്ടം അതിനിര്‍ണായകമാണ്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിക്കുകയോ, മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാം. ന്യൂസിലന്‍ഡ് സെമിയിലേക്ക്. ഇനി പാകിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ കയറാം. ചുരുക്കത്തില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമിയിലെത്താനാവൂ. ഇനി ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ അവര്‍ക്കും അവസാന നാലിലെത്താം. എന്നാല്‍ അത്തരത്തിലൊരു സാധ്യത വിരളമാണെന്ന് മാത്രം.

ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളോട് മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്. ന്യൂസിലന്‍ഡ് ഓസീസിനോട് തോറ്റെങ്കിലും ഇന്ത്യയേയും ശ്രീലങ്കയേയും മറികടക്കാനായത് നേട്ടമായി. ഇന്ന് പാകിസ്ഥാനെ മറികടന്നാല്‍ സെമി ഉറപ്പ്.

By admin

You missed