ന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി.
വിമാനം സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. പുലർച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. ഉടൻ തന്നെ വിമാനം തിരിച്ച് ഡൽഹിയിലേക്ക് പറന്നു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം പരിശോധനക്കായി മാറ്റി. മറ്റു വിവരങ്ങളൊന്നും ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല.
വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.