പൊന്നാനി: ശൈഖ് സൈനുദ്ധീൻ മഖദൂം അറബിയിൽ രചിച്ച വിശ്വവിഖ്യാതമായ മൻഖൂസ് മൗലിദ് കാവ്യവും ആഖ്യാനവും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത പണ്ഡിതനെ കാവ്യം പിറന്ന നാട് ആദരിച്ചു.
കേരളത്തിൽ ആത്മീയ പ്രഭ പരത്തിയ മുൻഗാമികളിൽ അഗ്രഗണ്യനും പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങളുടെ പ്രസിദ്ധ പ്രവാചക പ്രകീർത്തന കൃതിയായ മൻഖൂസ് മൗലിദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച ഇമാം നൗഷാദ് സഖാഫി പുന്നത്തലയ്ക്കാണ് പൊന്നാനിയിൽ ആദരവ് ലഭിച്ചത്.
യു എ ഇ ഔഖാഫിൽ ജീവനക്കാരനായ നൗഷാദ് പുന്നത്തല ഫുജൈറ മസാഫി മസ്ജിദിൽ ഇമാം ആണ്.
പൊന്നാനിയിലെ മസ്ജിദ് മുസമ്മിൽ ഇജാബയിൽ അരങ്ങേറിയ സ്നേഹാദരം പരിപാടി വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടരി വി സൈതു മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി അംഗം അൽഹാജ് കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു.
ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച് പൊന്നാനി മേഖലയിൽ പടർന്ന് പിടിച്ച പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് മഖദൂം തങ്ങൾ അന്ത്യപ്രവാചകനെ പ്രകീർത്തിച്ച് ഈ കാവ്യം രചിച്ചതെന്നും അത് പതിവായും വ്യാപകമായും പാരായണം ചെയ്തതിലൂടെ പകർച്ച വ്യാധിയ്ക്ക് ശമനം കിട്ടിയെന്നുമുള്ള ചരിത്രം ഖാസിം കോയ വിവരിച്ചു.
ആവേശവും ആത്മധൈര്യവും പകർന്ന് തരുന്നതും പുണ്യകരവുമാണ് പ്രവാചക പ്രകീർത്തനം എന്നും അക്കാര്യത്തിൽ മധുരം നിറഞ്ഞൊരു സംഭവമാണ് ശൈഖ് സൈനുദ്ധീൻ മഖദൂം തങ്ങളുടെ മൻഖൂസ് മൗലിദ് കൃതി. പൊന്നാനി സ്വദേശികൾക്ക് മൻഖൂസ് മൗലിദ് ഒരു സ്വകാര്യ അഹങ്കാരം ആണെന്നും ഖാസിം കോയ തുടർന്നു.
സിദ്ധീഖ് മൗലവി അയിലക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഷാഹുൽ ഹമീദ് മൗലവി. റഫീഖ് സഅദി, ഹാഫിസ് അനസ് അദനി, ഉസ്മാൻ മൗലവി കറുകത്തിരുത്തി, ഫസൽറഹ്മാൻ മുസ്ല്യാർ എന്നിവർ പ്രസംഗിച്ചു. സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം നൗഷാദ് സഖാഫി സന്തോഷം രേഖപ്പെടുത്തി സദസ്സിനെ അഭിസംബോധന ചെയ്തു.