കോട്ടയം : ശബരിമല വിഷയം സജീവമായി ഉയര്‍ത്താൻ ബി.ജെ.പി. പൂരം കലക്കല്‍ വിവാദം ഉയര്‍ന്നു വന്നതിന് ശേഷം നേതാക്കള്‍ ഇടക്കിടെ ഇറക്കുന്ന പ്രസ്താവനക്കപ്പുറം സജീവമായ നീക്കം നടത്താന്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം മുതിര്‍ന്നിരുന്നില്ല.

ഒരുതവണ സംസ്ഥന വ്യാപകമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ കലക്ടറ്റേകളിലേക്കു മാര്‍ച്ച് നടത്തിയതാണ് ആകെ നടത്തിയ പ്രതിഷേധ പരിപാടി. ഇതിനിടെ പൂരം കലക്കല്‍, മലപ്പുറം പരാമര്‍ശം, പി.ആര്‍. ഏജന്‍സികളുടെ ഇടപെടല്‍, ഹേമാ കമ്മറ്റി തുടങ്ങി നിരവധി ആരോപണങ്ങള്‍ സര്‍ക്കാരിനു നേരെ ഉയര്‍ന്നിരുന്നു.

എന്നാല്‍, ബി.ജെ.പിയാകട്ടേ പല വിഷയങ്ങളിലും സർക്കാരിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ക്കു മുതിര്‍ന്നില്ല. ഇതോടെ പ്രതിപക്ഷത്തെ മാത്രം എല്‍.ഡി.എഫ് സര്‍ക്കാരിന് നേരിട്ടാല്‍ മതിയായിരുന്നു. 
ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി. നേതൃത്വം തയാറാവുകയാണ്.

വെര്‍ച്വല്‍ ക്യു ഇല്ലാതെ ശബരിമലയില്‍ ഭക്തര്‍ കയറുമെന്നും വീണ്ടും ശബരിമലയെ തകര്‍ക്കാന്‍ പിണറായി ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. സർക്കാർ നീക്കം ശബരിമലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്. ഇത് അംഗീകരിച്ചു തരാന്‍ ബി.ജെ.പി ഒരുക്കമല്ല.
ഭക്തര്‍ക്കും ഹൈന്ദവ സംഘടനകള്‍ക്കുമൊപ്പം പാര്‍ട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തര്‍ ദീര്‍ഘകാലത്തെ കാല്‍നട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെര്‍ച്ച്വല്‍ ബുക്കിങ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പോലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വര്‍ഷം ഭക്തര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തവണയും വേണ്ടത്ര മുന്നൊരുക്കം നടത്താന്‍ സര്‍ക്കാരും ബോര്‍ഡും തയ്യാറായിട്ടില്ല. സ്പോട്ട് ബുക്കിങ് ഉടന്‍ പുനസ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.

ഇതോടെ വരും ദിവസങ്ങളില്‍ ശബരിമല വിഷയം ബി.ജെ.പി സജീവമായി നിലനിര്‍ത്തുമെന്നുറപ്പായി. പ്രക്ഷോഭങ്ങളിലേക്ക് ബി.ജെ.പി കടക്കുന്നതോടെ രക്ഷപെടുക സംസ്ഥാന സര്‍ക്കാരാണ്. ശബരിമല സമരം സജീവമായാൽ അടുത്തിടെ ഉയര്‍ന്ന നിരവധി ആരോപണങ്ങളില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിക്കും കൂട്ടാളിള്‍ക്കും രക്ഷനേടാനും സാധിക്കും.
ബി.ജെ.പി ശക്തമായ സമരവുമായി രംഗത്തിറങ്ങിയാല്‍ യു.ഡി.എഫിനും മറ്റ് ആരോപണങ്ങളില്‍ നിന്നു ശ്രദ്ധമാറ്റി ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടേണ്ടി വരും. ഇതോടെ പല ആരോപണങ്ങളും വിസ്മൃതിയിലാകുമെന്നുറപ്പായി.

By admin

Leave a Reply

Your email address will not be published. Required fields are marked *