പത്തനംതിട്ട:ശബരിമലയിൽ ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ആചാര സംരക്ഷ സമിതി. ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി ജി പൃഥ്വിപാൽ പറഞ്ഞു.
ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത് അംഗീകരിക്കാനാകില്ല. ഇത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കഴിഞ്ഞ തവണത്തെ പ്രശ്നം പരിഹരിക്കുന്നതിന് പകരം പുതിയൊരു കാര്യം അടിച്ചേല്‍പ്പിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുതിയ തീരുമാനത്തിനെതിരെ എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്തും.
ഇതുമായി ബന്ധപ്പെട്ട് എല്ലാ അയ്യപ്പ ഭക്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി പന്തളം കൊട്ടാരത്തിന്‍റെ നേതൃത്വത്തിൽ യോഗം ചേര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ജി പൃഥ്വിപാൽ പറഞ്ഞു.