ധാക്ക: ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ കിരീടം മോഷണം പോയി.
2021ലാണ് ബംഗ്ലാദേശിലെ പ്രശസ്തമായ ക്ഷേത്രത്തിലേക്ക് മോദി കാളി ദേവിയുടെ കിരീടം സമ്മാനിച്ചത്. ഈ കീരിടമാണ് മോഷണം പോയത്. പോലീസ് സംഭവം അന്വേഷിക്കുകയാണ്.
സത്ഖിര ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് കിരീടം മോഷണം പോയത്. 2021 മാര്‍ച്ചില്‍ ക്ഷേത്രം സന്ദര്‍ശിച്ച് മോദി ഈ കിരീടം സമ്മാനിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മോഷണം നടന്നത്. ക്ഷേത്ര പൂജാരി ദിലീപ് മുഖര്‍ജി ആരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് പോയ പിന്നാലെയാണ് സംഭവം. ദേവിയുടെ തലയില്‍ ചൂടിയിരുന്ന കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാരാണ് കണ്ടെത്തിയതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ പറഞ്ഞു.
മോഷ്ടാവിനെ തിരിച്ചറിയാന്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തൈജുല്‍ ഇസ്ലാം പറഞ്ഞു. സ്വര്‍ണ്ണം പൂശിയ ഈ കിരീടം വെള്ളി കൊണ്ട് നിര്‍മ്മിച്ചതാണ്.