ജയ്പൂര്‍: മക്കളുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ മനംനൊന്ത് വയോധികരായ ഭര്‍ത്താവും ഭാര്യയും വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ നാഗൗര്‍ സ്വദേശികളായ ഹസാരിറാം ബിഷ്ണോയി(70)യും ഭാര്യ ചവാലി ദേവി(68)യുമാണ് മരിച്ചത്. മക്കള്‍ സ്വത്തിനുവേണ്ടി ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിലെ ഭിത്തിയില്‍ പതിപ്പിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. നാല് മക്കളും ദമ്പതികളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഭക്ഷണം പോലും കൊടുക്കാതെ പാത്രമെടുത്ത് ഭിക്ഷയാചിക്കാനും മക്കള്‍ മാതാപിതാക്കളോട് പറഞ്ഞു.
മക്കള്‍ ഭീഷണിപ്പെടുത്തി മൂന്ന് സ്ഥലങ്ങളുടെയും ഒരു കാറിന്റെയും ഉടമസ്ഥാവകാശം ചതിയിലൂടെ കൈക്കലാക്കിയിരുന്നു. ഭക്ഷണം കൃത്യമായി കൊടുത്തിരുന്നില്ല. ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുമായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞതായും കുറിപ്പിലുണ്ട്. വ്യാഴാഴ്ചയാണ് ദമ്പതികളെ കാണാനില്ലെന്ന് വിവരം കിട്ടിയതും മൃതദേഹങ്ങള്‍ വാട്ടര്‍ടാങ്കില്‍ നിന്നും കണ്ടെടുത്തതും. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.