ഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണന്റെ പ്രതിമയില്‍ ഹാരമണിയുന്നതില്‍ നിന്ന് ഒരു സോഷ്യലിസ്റ്റ് നേതാവിനെ തടഞ്ഞ നടപടിയില്‍ പ്രതികരിച്ച് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നിതീഷ് കുമാറിനോട് ആഹ്വാനം ചെയ്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് .
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് നിതീഷ് കുമാറിന്റെ ജെഡിയു.
ലഖ്നൗവില്‍ വ്യാഴാഴ്ച പ്രതിമയില്‍ മാലയിടുന്നതില്‍ നിന്ന് അഖിലേഷിനെ അധികൃതര്‍ തടഞ്ഞിരുന്നു. ഇത് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജയ് പ്രകാശ് നാരായണിന്റെ പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ്. ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു സോഷ്യലിസ്റ്റിനെ അനുവദിക്കാത്ത സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന് പിന്‍വലിക്കാനുള്ള അവസരമാണിത്, അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയ ഒരു ഗാന്ധിയന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ജയപ്രകാശ് നാരായണ്‍.
ഞങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. ഈ സര്‍ക്കാര്‍ അദ്ദേഹത്തിന് ഹാരമണിയുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ശ്രമിക്കുന്നു, അവര്‍ ഈ മ്യൂസിയം വില്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്.
ജയപ്രകാശ് നാരായണനെ ആദരിക്കുന്നതിനായി നിര്‍മ്മിച്ച മ്യൂസിയം വില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഭരണഘടനയെ സംരക്ഷിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.